ഗായകൻ അദ്നാൻ സമിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത് പാക്കിസ്ഥാന്റെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ സിഎച്ച് ഫവാദ് ഹുസൈറിന് ചുട്ട മറുപടി നൽകി ഗായകൻ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ പാക്ക് പൗരർ രാജ്യം വിടണമെന്ന കേന്ദ്ര നിർദേശം പുറത്തുവന്നതിനു പിന്നാലെയാണ് മുൻ മന്ത്രിക്ക് ഗായകന്റെ കാര്യത്തിൽ അൽപം ആകാംഷയുണ്ടായത്.
‘അദ്നാൻ സമിയുടെ കാര്യം എങ്ങനെ’ എന്ന ചോദ്യമാണ് ഫവാദ് ഹുസൈൻ ഉന്നയിച്ചത്. ഇയാളുടെ പോസ്റ്റിനു പിന്നാലെ സമിയുടെ പ്രതികരണമെത്തി. ‘അക്ഷരാഭ്യാസമില്ലാത്ത ഈ വിഡ്ഢിയോട് ആര് മറുപടി പറയുന്നു’, എന്ന് പുച്ഛത്തോടെ അദ്നാൻ തിരിച്ചടിച്ചു. കുറിപ്പിനു താഴെ ചിരിക്കുന്ന ഇമോജികളും ചേർത്തിട്ടുണ്ട്.
2016 മുതൽ അദ്നാൻ സമി ഇന്ത്യൻ പൗരനാണ്. പാക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച സമി 2015 ലാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യൻ പൗരത്വം നൽകിയതിനോടുള്ള വിയോജിപ്പ് പലരും പരസ്യമായി പ്രകടമാക്കിയിട്ടുണ്ട്.