ജയ്പുര്‍: കഞ്ചാവ് കൈവശംവച്ച കേസില്‍ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റില്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ്. റിദ്ധി സിദ്ധി മേഖലയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന അഭയ് സിങ് മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇയാളില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. ചെറിയ അളവിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന കാരണത്താല്‍ പിന്നീട് പൊലീസ് വിട്ടയച്ചു. കഞ്ചാവ് പ്രസാദമായി ലഭിച്ചതാണെന്നാണ് അഭയ് സിങ് പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞത്.
താമസിച്ചിരുന്ന ഹോട്ടലിലെത്തി പൊലീസ് തന്നെ അറസ്റ്റു ചെയ്യുകയായിരുന്നെന്നു അഭയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷം 36 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സന്യാസത്തിലേക്ക് തിരിഞ്ഞ അഭയ് സിങ് കുംഭമേളയ്ക്കിടെയാണ് ഒരു ടെലിവിഷന്‍ ചാനലിന്റെ വിഡിയോയിലൂടെ വൈറലായത്.
മുംബൈ ഐഐടിയില്‍നിന്ന് എയറോസ്‌പേസ് എന്‍ജിനീയറിങ് പഠിച്ചിറങ്ങിയ അഭയ് സിങ് മള്‍ട്ടിനാഷനല്‍ കമ്പനികളിലെ ജോലിക്കു ശേഷമാണ് ആത്മീയതയിലേക്കു തിരിഞ്ഞത്. കുംഭമേളയ്ക്കിടെ അഭയ് സിങ്ങിന്റെ വിഡിയോകള്‍ക്ക് വ്യാപക പ്രചാരണം ലഭിച്ചിരുന്നു. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലാണ് അഭയ് സിങ്ങിന്റെ സ്വദേശം.