മുംബൈ: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‌വെയെ തകർത്ത് വെസ്റ്റ് ഇൻഡീസിന്കൂറ്റൻ ജയം. വിൻഡീസ് ഉയർത്തിയ 255 എന്ന പടുകൂറ്റൻ റൺസ് വിജയലക്ഷ്യം പിൻതുടർന്ന സിംബാബ്വെയ്ക്ക് 147 റൺസെടുക്കാനേ ആയുള്ളൂ.അപ്പോഴേക്കും എല്ലാരും കൂടാരം കയറി. ഇതോടെ വിൻഡീസിന് 107 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിങ്ങിൽ സിംബാബ്വെ 17.4 ഓവറിൽ 147 റൺസെടുക്കാനെ ആയുള്ളു.
അതേസമയം ഷിംറോൺ ഹെറ്റ്‌മെയറുടെ മാസ്റ്റർ ക്ലാസ് പ്രകടനമാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 19 പന്തിൽ നിന്ന് ഒരു മിന്നൽ അർദ്ധസെഞ്ച്വറി നേടിയ ഹെറ്റ്‌മെയർ 34 പന്തിൽനിന്ന് 85 റൺസ് നേടി. 35 പന്തിൽനിന്ന് 59 റൺസടിച്ച് റോവ്മാൻ പവലും വെടിക്കെട്ടിൽ പങ്കാളിയായപ്പോൾ 2026 ട്വന്റി20 ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോർ വെസ്റ്റ് ഇൻഡീസിന്റെ അക്കൗണ്ടിലെത്തി.
ഏഴ് വീതം സിക്‌സറുകളും ഫോറുകളും അടങ്ങിയതായിരുന്നു ഹെറ്റ്മയറുടെ ഇന്നിങ്‌സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേടിയ വെസ്റ്റ് ഇൻഡീസ് താരം എന്ന റെക്കോർഡ് ഹെറ്റ്‌മെയർ സ്വന്തം പേരിൽ കുറിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ മറുപടി തുടക്കംതന്നെ പാളി. സ്കോർ 20-ൽ നിൽക്കെ മൂന്ന് വിക്കറ്റുകൾ അവർക്ക് നഷ്ടമായത് വലിയ തിരിച്ചടിയായി. മധ്യനിരയിൽ ബ്രാഡ് ഇവാൻസ്, ഡിയോൺ മയേഴ്സ്, ക്യാപ്റ്റൻ സിക്കന്ദർ റാസ എന്നിവർ നടത്തിയ പോരാട്ടമാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. ബ്രാഡ് ഇവാൻസ് 21 പന്തിൽ 43 റൺസ് (2 ഫോറും 5 സിക്സറുകളും ഉൾപ്പെടെ) നേടി ടീമിലെ ടോപ്പ് സ്കോററായി. ഡിയോൺ മയേഴ്സ്: 15 പന്തിൽ 28 റൺസ്, സിക്കന്ദർ റാസ 20 പന്തിൽ 27 റൺസും നേടി. അവസാന വിക്കറ്റിൽ റിച്ചാർഡ് നഗരാവയും ബ്രാഡ് ഇവാൻസും ചേർന്ന് 44 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത് സിംബാബ്‌വെയ്ക്ക് ആശ്വാസമായി. വിൻഡീസിനായി ഗുഡകേഷ് മോട്ടി നാലും അകീൽ ഹൊസൈൻ മൂന്നും മാത്യു ഫോർഡ് രണ്ടും വിക്കറ്റുകൾ നേടി. അതേസമയം ഈ മത്സരം ഇന്ത്യക്കും വളരെ പ്രധാനപ്പെട്ടതാണ്. സെമി ഫൈനൽ സാധ്യതകൾ നിലനിർത്തണമെങ്കിൽ ഈ കളിയിലെ വിജയികളെ ഇന്ത്യ തോൽപ്പിക്കേണ്ടതുണ്ട്.
















































