മുംബൈ: കുംഭമേളയിലൂടെ ശ്രദ്ധേയയായ മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഉയർന്ന പീഡന പരാതിയിൽ ട്വിസ്റ്റ്. ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ സംവിധായകനെതിരെ പരാതി നല്‍കിയത് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. തനിക്ക് തെറ്റുപറ്റിയെന്നും പരാതി പിൻവലിച്ചെന്നും പരാതിക്കാരി വീഡിയോയിലൂടെ പ്രതികരിച്ചിരിച്ചു.
സനോജിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് യുവതിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സനോജ് മിശ്രയ്‌ക്കെതിരെ കള്ളക്കേസ് കൊടുക്കാൻ നിർമ്മാതാവ് വസീം റിസ്വിയും മറ്റ് നാല് പേരുമാണ് നിർദേശിച്ചത്. കേസ് പിൻവലിക്കാൻ ശ്രമിപ്പോൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു.
‘ഞാൻ സനോജ് മിശ്രയോടൊപ്പം ജോലി ചെയ്‌തുവരികയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനുശേഷം ചിലർ പരാതി നൽകാൻ നിർബന്ധിച്ചു. അതേ സമയത്താണ്, മൊണാലിസ സനോജ് മിശ്രയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തത്.ആ കാലയളവിൽ ചിലർ വ്യാജ ഫോട്ടോകൾ അയച്ചു തന്ന് മാനസികമായി പീഡിപ്പിച്ചു, അതിന്റെ ഫലമായി ഞാൻ സനോജ് മിശ്രയ്‌ക്കെതിരെ കേസ് കൊടുത്തു. പിന്നീട്, സത്യം പറയാൻ എനിക്ക് തോന്നി. കേസ് പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഞാൻ കോടതിയിൽ പോയപ്പോൾ, ചിലർ എന്നെ ഭീഷണിപ്പെടുത്തി. നിന്നെ ഞാൻ ജയിലിലടയ്ക്കും എന്ന് അവർ പറഞ്ഞു.’- എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
നാല് വര്‍ഷത്തോളം തന്നെ പീഡത്തിന് ഇരയാക്കിയെന്ന 28-കാരിയുടെ പരാതിയിലാണ് ഡല്‍ഹി പോലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തത്. തന്നെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ യുവതി ഉന്നയിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്.