മാൻഹാട്ടൻ: സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡൂറോ കോടതിയോട് വിശദമാക്കിയത്.
അതേസമയം ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ കോടതിയിൽ ആദ്യമായാണ് ഹാജരാവുന്നത്. താൻ നിരപരാധിയാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല, മാന്യനായ വ്യക്തിയാണ്, താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണ് എന്നാണ് 63കാരനായ നിക്കോളാസ് മഡൂറോ കോടതിയിൽ പരിഭാഷകൻ മുഖേന വ്യക്തമാക്കി.
മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. അതേസമയം മഡൂറോയുടെ അഭിഭാഷകൻ ജാമ്യഹർജി സമർപ്പിക്കാൻ മുതിർന്നില്ലെന്നത് ശ്രദ്ധേയം. മാർച്ച് 17നാണ് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കുക. ഇതിനിടെ മഡൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളോടെ നിരവധിപ്പേരാണ് കോടതി പരിസരത്തേക്ക് എത്തിയത്.
ഇതിനിടെ മഡൂറോയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയാണ് വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ചുമതലയേറ്റിരുന്നു. മഡൂറോയുടെ പാത പിൻതുടർന്നാൽ അതേഗതിതന്നെയായിരിക്കും പുതിയ പ്രസിഡന്റിനെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്കൻ നീക്കത്തിനെതിരെ എന്തു ചെയ്യുമെന്ന കാര്യം ഡെൽസി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ലഹരി കാർട്ടലുകളുമായി ചേർന്ന് കൊക്കെയ്ൻ കടത്തിയെന്നാണ് മഡൂറോ നേരിടുന്ന പ്രധാന ആരോപണം. മെക്സിക്കോയുടെ സിനലോവ കാർട്ടൽ, സെറ്റാസ് കാർട്ടൽ, കൊളംബിയൻ എഫ്എആർസി റിബൽസ്, വെനസ്വേലയിലെ ട്രെൻ ഡേ അരാഗുവ ഗാംഗ് എന്നിവയ്ക്കൊപ്പം മഡൂറോ കൊക്കെയ്ൻ കടത്താൻ കൂട്ടുനിന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. നാല് കുറ്റങ്ങളാണ് പ്രധാനമായും മഡൂറോ നേരിടുന്നത്. നാർക്കോ ഭീകരവാദം, കൊക്കെയ്ൻ കടത്താനുള്ള ഗൂഡാലോചന, മെഷീൻ ഗൺ കൈവശം വയ്ക്കുക, മാരകശേഷിയുള്ള ആയുധങ്ങൾ കൈവശം കരുതുക എന്നിവയാണ് മഡൂറോയ്ക്കെതിരായ കുറ്റങ്ങൾ. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാൻഹാട്ടൻ കോടതി മഡൂറോയുടെ വിചാരണ ആരംഭിച്ചത്. തടവുകാരുടെ വേഷത്തിലാണ് മഡൂറോയെ കോടതിയിലെത്തിച്ചത്. സ്പാനിഷിലായിരുന്നു മഡൂറോ സംസാരിച്ചത്.
















































