കൊച്ചി: നടൻ വിനായകനെതിരെ രൂക്ഷവിമർശനവുമായി നിർമ്മാതാവ് സിയാദ് കോക്കർ. തുണിപൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമ്മാണം എന്ന് സിയാദ് കോക്കർ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു സിയാദ് കോക്കറിൻ്റെ പ്രതികരണം. നിർമ്മാതാവ് ജി സുരേഷ് കുമാറിൻ്റെ പ്രസ്താവനകൾക്കെതിരെയാണ് നേരത്തെ വിനായകൻ വിമർശനവുമായെത്തിയത്. ഇതിനെതിരെയാണ് സിയാദ് കോക്കർ രംഗത്ത് എത്തിയത്.
സുരേഷ് കുമാർ ഒറ്റയ്ക്കല്ല എന്ന് സിയാദ് കോക്കർ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളൊക്കെ ഒറ്റക്കെട്ടായി ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളൊന്നും തങ്ങളെ ഭയപ്പെടുത്തില്ല. ആരോട് എന്തുപറയണമെന്ന് താൻ പഠിപ്പിക്കേണ്ട. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമ്മാണം. താനാദ്യം ഒരു സിനിമ എടുത്തുകാണിക്ക്. എന്നിട്ട് വീമ്പിളക്ക്. സിനിമയിൽ അഭിനയിക്കാനും നിർമ്മിക്കാനും പ്രായം ഒരു അളവുകോലാണെങ്കിൽ ഇന്ന് മലയാള സിനിമയിൽ ആരൊക്കെ ഉണ്ടാവുമെന്ന് താൻ പറയേണ്ടതില്ലല്ലോ. സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ എന്നും സിയാദ് കോക്കർ കുറിച്ചു.
സിനിമ തന്റെയും തന്റെ കൂടെ നിൽക്കുന്നവരുടെയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതി. താനൊരു സിനിമ നടനാണ്. സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യ ആണെന്നും വിനായകൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ പോസ്റ്റിനെതിരെയാണ് സിയാദ് കോക്കർ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഇപ്പോൾ വിനായകൻ്റെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. എന്തുകൊണ്ടാണ് ഇത് എന്ന് വ്യക്തമല്ല.