ഛണ്ഡീഗഡ്: വിവാഹിതനായ പുരുഷന് അന്യ സ്ത്രീയുമായി വിശദീകരിക്കാന്‍ കഴിയാത്ത ബന്ധമുള്ളത് ക്രൂരതയ്ക്ക് തുല്യമാണെന്നും അത് വിവാഹ ബന്ധം തകരാന്‍ പര്യാപ്തമായ കാരണമാണെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജസ്റ്റിസുമാരായ സുധീര്‍ സിങ്, സുഖ്‌വീന്ദര്‍ സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഹിന്ദു വിവാഹ നിയമപ്രകാരം 2011ല്‍ ദമ്പതികള്‍ വിവാഹിതരായി. ഭാര്യ തന്നോടും കുടുംബത്തോടും അങ്ങേയറ്റം ക്രൂരമായി പെരുമാറുന്നുവെന്നും അവിഹിത ബന്ധങ്ങള്‍ ആരോപിക്കുന്നത് വിവാഹത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും ഭര്‍ത്താവ് ആരോപിച്ചു. എന്നാല്‍ ഭര്‍ത്താവിനെ ഒരു സ്ത്രീയോടൊപ്പം കണ്ടിട്ടുണ്ടെന്നും ചോദിച്ചപ്പോള്‍ തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീയാണെന്നും അവളെ വിവാഹം കഴിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായും ഭാര്യ വാദിച്ചു. ഭര്‍ത്താവ് ഈ സ്ത്രീയുമായി നിരവധിത്തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഭര്‍ത്താവ് തന്നെ സമ്മതിച്ചതായും ബെഞ്ച് ചൂണ്ടിക്കാട്ടി. 2018 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ വേര്‍പിരിയലിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം നല്‍കുന്നത് ഉചിതമല്ലെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു.