പ്രസവശേഷം പ്രതീക്ഷച്ചതിലും വളരെ വ്യത്യസ്തമായ അനുഭവമാണ് പല സ്ത്രീകളും നേരിടുന്നത്. പ്രസവശേഷം ശരിയായി ഉറങ്ങാൻ കഴിയാത്തത്, ചില സമയം കുഞ്ഞ് നിർത്താതെ കരയുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിസ്സഹായരാകുന്ന അവസ്ഥ.
ആദ്യ പ്രസവം മിക്ക സ്ത്രീകൾക്കും ഉത്കണ്ഠ നിറഞ്ഞതാണ്. കുഞ്ഞു വാവകളെ കാണുമ്പോൾ ഓമനിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ പ്രസവശേഷം പ്രതീക്ഷച്ചതിലും വളരെ വ്യത്യസ്തമായ അനുഭവമാണ് പല സ്ത്രീകളും നേരിടുന്നത്.
പ്രസവശേഷം ശരിയായി ഉറങ്ങാൻ കഴിയാത്തത്, ചില സമയം കുഞ്ഞ് നിർത്താതെ കരയുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിസ്സഹായരാകുന്ന അവസ്ഥ. ഇവയെല്ലാം തന്നെ പ്രസവശേഷം പ്രത്യേകിച്ചും ആദ്യമായി അമ്മയാകുന്നവരെ വലിയ മാനസിക സമ്മർദ്ദത്തിലാക്കും.
മനസ്സിന്റെ സമാധാനം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രസവശേഷം ആദ്യ ആഴ്ചകൾ പുതിയ സാഹചര്യങ്ങളോടും, ഉത്തരവാദിത്തങ്ങളോടും പൊരുത്തപ്പെടാൻ സമയം കൊടുക്കണം. ഞാൻ നല്ല അമ്മ അല്ല, കുഞ്ഞിന് എന്തെങ്കിലും പറ്റുമോ, ഞാൻ കുഞ്ഞിനെ നോക്കുന്നത് ശരിയായി ആണോ എന്നിങ്ങനെ നിരവധി സംശയങ്ങളും പേടികളും മനസ്സിൽ നിറയാൻ ഇടയുണ്ട്. ശരീരവും മനസ്സും ഒരേപോലെ അമ്മ എന്ന റോളിലേക്ക് പൊരുത്തപ്പെട്ടു വരാൻ സമയം അനുവദിക്കണം. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളിലും എപ്പോഴും ഞാൻ പെർഫെക്റ്റ് ആയിരിക്കണം എന്ന് വാശി പിടിക്കരുത്. ആർക്കും അങ്ങനെ ഒരു സാഹചര്യത്തിൽ പെർഫെക്റ്റ് ആയിരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കുക.
ഒരുപാട് ഉപദേശങ്ങൾ പലരുടെ അടുക്കൽനിന്നും കിട്ടുന്ന ഒരു സമയവുമാണ്. അവരൊക്കെ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ അപ്പാടെ പരീക്ഷിക്കാനും വിജയിക്കാനും ശ്രമിക്കരുത്. ഡോക്ടറോ, ശാസ്ത്രീയമായ കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്നവരെയോ പിന്തുടരുക.
പല കാര്യങ്ങളും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ പരിശീലിക്കേണ്ട പ്രധാന സമയവുമാണ് ഇതെന്ന് മനസ്സിലാക്കുക. മിക്ക ആദ്യ അമ്മമാരെയും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ വേദനിപ്പിക്കുനന്നതായി പറയാറുണ്ട്. അമിതമായി കുറ്റപ്പെടുത്തുന്നവർക്കു പ്രാധാന്യം നൽകാതിരിക്കാൻ ശീലിക്കണം. കുഞ്ഞിന്റെയും എന്റെയും ആരോഗ്യം സമാധാനവുമാണ് പ്രധാനം എന്ന് ചിന്തിക്കണം. മറ്റു കാര്യങ്ങളിൽ ഇടപെടാനും ചിന്തിക്കാനും താല്പര്യമില്ല എന്ന് ഉറച്ചു തീരുമാനിക്കണം.
പലപ്പോഴും പ്രസവം കഴിഞ്ഞ ആദ്യ നാളുകൾ മനസ്സിനെ ഡിപ്രെഷൻ പിടികൂടാൻ ഇടയുണ്ട്. എന്നാൽ രണ്ടാഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ഡിപ്രെഷൻ, ഒന്നിനോടും താല്പര്യമില്ല, എപ്പോഴും സങ്കടവും കരച്ചിലും, കുറ്റബോധം, എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ, കുഞ്ഞുമായി വൈകാരിക അടുപ്പം സാധ്യമാകാതെ വരിക, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, പ്രതീക്ഷ നഷ്ടപ്പെട്ട പോലെ തോന്നുക, ജീവിക്കണ്ടേ എന്ന് തോന്നുക, കുഞ്ഞിനെ അപായപ്പെടുത്തണം എന്ന് തോന്നിപ്പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് പോസ്റ്റ് പാർട്ടം ഡിപ്രെഷൻ അധവാ പ്രസവശേഷമുള്ള വിഷാദ രോഗലക്ഷണമാണ് എന്ന് മനസ്സിലാക്കുക. ഇത് സ്വയം കണ്ടെത്താൻ കഴിയുകയോ, വീട്ടിൽ ഉള്ള മറ്റൊരാൾ പ്രസവശേഷം അമ്മയിൽ അതുണ്ടെന്നു മനസ്സിലാക്കുകയോ ചെയ്താൽ ഒട്ടും താമസിക്കാതെ ചികിത്സ തേടണം. സ്വയവും കുഞ്ഞിന്റെയും ജീവൻ വരെ അപകടത്തിലാക്കാൻ കഴിയുന്ന അവസ്ഥയാണിത്. അതിനാൽ ഒട്ടും താമസിക്കാതെ മാറ്റിയെടുക്കാൻ ശ്രമിക്കണം.
പ്രസവം കഴിഞ്ഞ സ്ത്രീക്ക് പങ്കാളിയുടെയും കുടുംബത്തിന്റെയും സപ്പോർട്ട് ഉണ്ടാകണം
പണ്ട് കാലങ്ങളിൽ സ്ത്രീകൾ എല്ലാ ഉത്തരവാദിത്തങ്ങളും വളരെ എളുപ്പത്തിൽ ചെയ്തിരുന്നു എന്നെല്ലാം പലരും പറയുന്നത് കേൾക്കാറുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ജോലി, അതിനൊപ്പം കുഞ്ഞിനെ നോക്കുക എന്നിങ്ങനെ ആകുമ്പോൾ കുടുംബത്തിന്റെയോ പങ്കാളിയുടെയോ പിന്തുണയില്ലാതെ കുട്ടിയെ വളർത്തുക വളരെ ബുദ്ധിമുട്ടാണ്.
ഇതില്ലാത്ത സാഹചര്യങ്ങളിൽ ആണ് ഡിപ്രെഷൻ ഉണ്ടാക്കനുള്ള സാധ്യത കൂടുതൽ. അവരെ കുറ്റപ്പെടുത്താതെ അവരുടെ ഉൽകണ്ഠകൾ കേൾക്കാൻ പങ്കാളിയും കുടുംബാംഗങ്ങളും തയ്യാറാവണം. ഉത്കണ്ഠയും നെഗറ്റീവ് ചിന്തകളും അനിയന്ത്രിതമായി മനസ്സിൽ നിറയുന്നു എങ്കിൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക.