കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബത്തോട് മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്താൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർ. വേണുവിന്റെ സഞ്ചയന ദിവസമായ ബുധനാഴ്ച രാവിലെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ എത്താനാണ് വേണുവിന്റെ ഭാര്യ സിന്ധുവിനെ ചൊവ്വാഴ്ച ഫോണിൽ വിളിച്ച് അധികൃതർ ആവശ്യപ്പെട്ടത്. മരണാനന്തരകർമകൾ നടക്കുന്ന ദിവസമാണെന്ന് അറിയിച്ചപ്പോൾ എങ്കിൽ അടുത്തദിവസം, വ്യാഴാഴ്ച രാവിലെ എത്തണമെന്ന് അധികൃതർ പറഞ്ഞു.
16 ദിവസം കഴിയാതെ പുറത്തുപോകരുതെന്നാണ് തങ്ങളുടെ ആചാരമെന്ന് സിന്ധു പറയുന്നു. ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേയെന്നും സിന്ധു ചോദിക്കുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു അഞ്ചാംദിവസമാണ് മരിച്ചത്.



















































