വയനാട്: വയനാട് ജില്ലയിൽ നാളെ (ഫെബ്രുവരി 13) ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെകെ അഹമ്മദ് ഹാജിയും കൺവീനർ പിടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസുമാണ് ഇന്ന് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ ഹർത്താലിനെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളൊന്നും പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. ബസുകൾ ഓടിക്കുമെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.