ടെൽ അവീവ്: ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ ത്യുൻബെയേയും 170 മറ്റു ആക്ടിവിസ്റ്റുകളേയും ഇസ്രയേൽ നാടുകടത്തി. ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫ്രീഡം ഫ്‌ലോട്ടിലയുടെ ‘ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടില’ ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ ഏതാനും നാളുകൾക്കു മുൻപ് അന്താരാഷ്ട്രസമുദ്രാതിർത്തിയിൽവെച്ച് ഇസ്രയേൽ സൈന്യം തടഞ്ഞിരുന്നു.
പിന്നാലെ ഇതിലുണ്ടായിരുന്ന 470 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരിൽ പലരേയും കഴിഞ്ഞ ദിവസങ്ങളിലായി നാടുകടത്തി വരികയായിരുന്നു. ബാക്കിയുള്ള ഗ്രെറ്റ ത്യുൻബെയേയും മറ്റു 170 പേരെയുമാണ് ഇന്നാണ് നാടുകടത്തിയത്. തെക്കൻ ഇസ്രായേലിലെ റമോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗ്രീസിലേക്കും സ്ലൊവാക്യയിലേക്കുമാണ് ഇവരെ അയച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ഈ പിആർ സ്റ്റണ്ടിൽ പങ്കെടുത്തവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും ഇസ്രയേൽ പൂർണ്ണമായി മാനിച്ചിട്ടുണ്ട്, ഇനിയും മാനിക്കും. അവർ പ്രചരിപ്പിക്കുന്ന നുണകൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്’ ഇസ്രയേൽ മന്ത്രാലയം ആരോപിച്ചു. ജയിലിൽ വെച്ച് ഒരു മെഡിക്കൽ ജീവനക്കാരനെ കടിച്ച സ്പാനിഷ് പൗരനിൽ നിന്നാണ് ഒരേയൊരു അക്രമം സംഭവം ഉണ്ടായതെന്നും മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.
അതേസമയം ഗ്രീസ്, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, സ്വീഡൻ, പോളണ്ട്, ജർമ്മനി, ബൾഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്‌സംബർഗ്, ഫിൻലൻഡ്, ഡെൻമാർക്ക്, സ്ലൊവാക്യ, സ്വിറ്റ്‌സർലൻഡ്, നോർവേ, യുകെ, സെർബിയ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരെന്ന് മന്ത്രാലയം പറയുന്നു. ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടിലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാക്കി 138 പേർകൂടി ഇസ്രയേൽ പോലീസിന്റെ കസ്റ്റഡിയിൽ അവശേഷിക്കുന്നതായാണ് റിപ്പോർട്ട്.