തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു ക്ലിഫ് ഹൗസില്‍ നടത്താനിരുന്ന അത്താഴവിരുന്ന് നിരസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിരുന്ന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തിയാണ് നടപടി. മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ വിരുന്നിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഗവര്‍ണര്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ രാജ്ഭവന്‍ അറിയിക്കുകയായിരുന്നു. അതേസമയം അത്താഴ വിരുന്ന് നിരസിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം
കേരളാ ഗവര്‍ണര്‍ക്കും പുറമെ മലയാളികളായ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയേയും ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇവരും വിരുന്നില്‍ പങ്കെടുക്കില്ല.നേരത്തെ, ഡല്‍ഹി കേരളഹൗസില്‍ മുഖ്യമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമന് ഒരുക്കിയ ബ്രേക്ക് ഫാസ്റ്റ് ചര്‍ച്ച ബിജെപി സിപിഎം ഒത്തുതീര്‍പ്പ് നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നത് പുതിയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.