കോഴിക്കോട്: ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് പരാതി. 20 പവനോളം സ്വര്‍ണമാണ് കാണാതായത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ളതാണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം. നാല് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവിടെ മാറിമാറി വന്നത്.
ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി വന്ന സജീവന്‍ സ്വര്‍ണ ഉരുപ്പടികളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ നടത്തിയ കണക്കെടുപ്പില്‍ 20 പവന്‍ സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അദ്ദേഹം നേരത്തെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, വിനോദിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.
സജീവനു ശേഷമെത്തിയ ഓഫീസര്‍മാരായ ഹരിദാസനും ദിനേശനും സ്വര്‍ണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി കാണാനില്ലാത്ത സ്വര്‍ണത്തിന്റെ കാര്യം ഇപ്പൊള്‍ വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്‍ണം തിരിച്ചേല്‍പ്പിക്കാമെന്ന് വിനോദ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.