കൊച്ചി: റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത് സ്വർണവില. കഴിഞ്ഞ 15 മാസത്തിനുള്ളിൽ സ്വർണ്ണവില കൂടിയത് 18920 രൂപ. ഇത് 40%ൽ അധികം വർദ്ധനവാണെന്നാണ് കണ്ടെത്തൽ. 2024 ജനുവരി 1ന് 46840 രൂപയായിരുന്നു പവൻ വില. ഇന്ന് 65760 രൂപ. ജനുവരി 1ന് 2024 സ്വർണ്ണവില ഗ്രാമിന് 5855 രൂപയായിരുന്നു. 2025 മാർച്ച് 15ന് 8220 രൂപ. 2365 രൂപയുടെ വർദ്ധനവാണ് ഒരു ഗ്രാം സ്വർണ്ണ വിലയിൽ ഉണ്ടായത്.
ഇക്കാലയളവിൽ അന്താരാഷ്ട്ര സ്വർണ്ണവിലയും 2050 ഡോളറിൽ നിന്നും 3002 ഡോളറിലേക്ക് കുതിക്കുകയാണ് ഉണ്ടായത്. 950 ഡോളറിൽ അധികമാണ് അന്താരാഷ്ട്ര വിലയിലുണ്ടായത്. 2024 ജനുവരി 1മുതൽ 2025 മാർച്ച് 14 വരെ ഉള്ള കാലയളവിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായത് ആഭ്യന്തര വിപണിയിൽ വലിയതോതിൽ വില വർധനവിന് കാരണമായെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.
ജനുവരി ഒന്നിന് രൂപയുടെ വിനിമയ നിരക്ക് 83.22 ആയിരുന്നു ഇന്ന് 86.92. 3 രൂപ 70 പൈസയുടെ വ്യത്യാസമാണ് വന്നിട്ടുള്ളത്. 87.50 നു മുകളിൽ വരെ രൂപ എത്തിയിരുന്നു. ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 2024 ജനുവരി 1ന് 50,800 വാങ്ങിയിരുന്നു. എന്നാൽ ഇന്ന് 71350 രൂപ നൽകേണ്ടിവരും. അതേസമയം സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്കും വിലവർദ്ധനവിൽ ലാഭം ലഭ്യമാകും.