തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.
അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസം ഏറ്റവും കൂടിയ സ്വർണ്ണ വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് 1,26,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 16നായിരുന്നു. അന്ന് രാവിലെ 1,16,720 രൂപയും വൈകീട്ട് 1,15,440 രൂപയുമായിരുന്നു.
സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്. നിലവിൽ ഡോളറിന്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.
















































