ഗാസാ സിറ്റി: യുദ്ധത്തിനപ്പുറം ഗാസയിൽ പോഷകാഹാരക്കുറവും പട്ടിണി മരണവും പിടിമുറുക്കുന്നതായി റിപ്പോർട്ട്. പോഷകാഹാരക്കുറവു മൂലം 11 പേർ കൂടി മരിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി ഉയർന്നു. ഇതിൽ 98 പേരും കുട്ടികളാണെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രണ്ടുദിവസത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ ആക്രമണത്തിൽ 491 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 ലക്ഷത്തിലേറെ പലസ്തീൻകാർ പാർക്കുന്ന ഗാസയെ പൂർണമായും കീഴ്പ്പെടുത്തുന്നതിനുള്ള ആദ്യപടിയായി അവിടത്തെ ഏറ്റവും വലിയ നഗരമായ ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. ഇസ്രയേൽ ഉപരോധത്തെത്തുടർന്ന് കൊടും പട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കാനും 22 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തിൽ സമ്മർദ്ദങ്ങളേറുന്നതിനിടെയാണ് പുതിയ നടപടി.
അഞ്ച് പ്രധാന നിർദേശങ്ങളാണ് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനെന്നവകാശപ്പെട്ട് പ്രഖ്യാപിച്ച ഇസ്രയേലിന്റെ പുതിയ പദ്ധതിയിലുള്ളത്. ബന്ദികളുടെയെല്ലാം മോചനം, ഹമാസിനെ നിരായുധീകരിക്കൽ, ഗാസയുടെ സുരക്ഷാനിയന്ത്രണം ഏറ്റെടുക്കൽ, ഗാസയിൽനിന്നുള്ള സൈനികപിന്മാറ്റം, ഹമാസോ പലസ്തീൻ അതോറിറ്റിയോ ഉൾപ്പെടാത്ത ബദൽ സിവിൽ ഭരണകൂടം സ്ഥാപിക്കൽ. ഇതിനിടെ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ സിറ്റിയുടെ നിയന്ത്രണം സൈന്യമേറ്റെടുക്കുമെന്നും യുദ്ധമേഖലകൾക്കുപുറത്തുള്ള ഇടങ്ങളിൽ സഹായവിതരണം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
കൂടാതെ കരയാക്രമണം തുടങ്ങുന്നതിനു മുന്നോടിയായി ഗാസാ സിറ്റിയിൽ ഒഴിപ്പിക്കൽ നിർദേശം നൽകിയിരുന്നു. അതേസമയം, ഗാസാസിറ്റി പിടിക്കാനുള്ള ഇസ്രയേൽ നീക്കം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു.