ഫിറോസാബാദ്: ഉത്തർപ്രദേശിൽ 12 വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പിതാവ് മകനെ കൊലപ്പെടുത്തി മൃതദേഹം ട്രങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മഖൻപൂർ ഏരിയയിലെ ജിജോളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ രാജേഷ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. വസ്തുവിനെച്ചൊല്ലി ഭാര്യയുമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗ്രാമവാസിയായ രാജേഷ് ലഹരിക്ക് അടിമയായിരുന്നു.
സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ ഊർമിളയുമായി ഇയാൾ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഊർമിള സ്കൂളിൽ പോയ സമയത്ത് രാജേഷും മകൻ മായങ്കും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് ഊർമിള തിരിച്ചെത്തിയപ്പോൾ രാജേഷിനെ വീട്ടിൽ കണ്ടില്ല. വീടിനുള്ളിൽ രക്തക്കറകൾ കണ്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മകൻ മായങ്കിന്റെ മൃതദേഹം ഒരു വലിയ ട്രങ്കിനുള്ളിൽ കുത്തിനിറച്ച നിലയിൽ കണ്ടെത്തിയത്.
ഊർമിളയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഊർമിളയുടെ പരാതിയിൽ രാജേഷിനെതിരെ കൊലപാതകത്തിന് കേസെടുത്തു. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്പി അനുജ് ചൗധരി അറിയിച്ചു.















































