വാഷിങ്ടൺ: അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള അന്വേഷണ രേഖകളിൽ നിർണ്ണായകമായ ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് . അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട എഫ്ബിഐ മെമ്മോകളാണ് പുറത്തുവിട്ട രേഖകളിൽ നിന്ന് കാണാതായത്.
ന്യൂയോർക്ക് ടൈംസ് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. 2019-ൽ എപ്സ്റ്റീൻ നിറുത്തലിന് പിന്നാലെ ഒരു സ്ത്രീ മുന്നോട്ടുവന്ന്, താൻ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ എപ്സ്റ്റീനും ട്രംപും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ട എഫ്ബിഐ നാല് അഭിമുഖങ്ങൾ നടത്തിയതായി അന്വേഷണ രേഖകളുടെ സൂചികയിൽ വ്യക്തമാക്കുന്നുണ്ട്. ഓരോ അഭിമുഖത്തിൻ്റെയും സംഗ്രഹങ്ങൾ തയ്യാറാക്കിയ സൂചികയിൽ പറയുന്നു. എന്നാൽ പുറത്തുവിട്ട രേഖകളിൽ എപ്സ്റ്റീനെതിരായ ആരോപണങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഒരു അഭിമുഖത്തിൻ്റെ സംഗ്രഹം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രംപിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് അഭിമുഖങ്ങളുടെ മെമ്മോകളും അതിനോടനുബന്ധിച്ചുള്ള നോട്ടുകളും പുറത്തുവിട്ടിട്ടില്ല.
മറ്റ് സാക്ഷികളുടെയും ഇരകളുടെയും അഭിമുഖങ്ങളുമായി ബന്ധപ്പെട്ട നോട്ടുകൾ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട സാഹചര്യത്തിൽ, ഈ രേഖകൾ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമാണ്. അതേസമയം ഇതിനെക്കുറിച്ച് പ്രതികരിച്ച ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ്, പുറത്തുവിടാതിരുന്ന രേഖകൾ ‘പ്രിവിലേജ്ഡ്’ ആയതോ പകർപ്പുകളോ അല്ലെങ്കിൽ ഇപ്പോഴും തുടരുന്ന ഫെഡറൽ അന്വേഷണവുമായി ബന്ധപ്പെട്ടതോ ആയിരിക്കാമെന്ന് വ്യക്തമാക്കി. എന്നാൽ ട്രംപിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ എന്തുകൊണ്ട് പുറത്തുവിട്ടിട്ടില്ലെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല. പുറത്തുവിട്ട ലക്ഷക്കണക്കിന് അന്വേഷണ രേഖകളിൽ പ്രമുഖരായ വ്യക്തികളെ സ്ഥിരീകരിക്കാത്ത നിരവധി ആരോപണങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















































