തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന്റെ നിർദേശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്. അല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു പ്രോട്ടോകോൾ ഉണ്ട്. ആ പ്രോട്ടോകോൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ എൽഡിഎഫിനെ ഭരണത്തിൽ എത്തിക്കും.
അതാണ് കേരളത്തിൽ കണ്ടുവരുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ മുഖ്യമന്ത്രിയും ക്യാബിനറ്റുമടക്കം ചിലർ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് ശേഷം എൽഡിഎഫിന് ഭരണ തുടർച്ചയാണ് ഉണ്ടായത്. ജനങ്ങൾ എന്തിന് ഇടതുമുന്നണിയെ വേണ്ട എന്ന് പറയണമെന്നും ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണം ഉണ്ടോ എന്നും വി ശിവൻകുട്ടി ചോദിച്ചു.
എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിന്‍റെ വിചിത്ര നിർദേശം. ഇന്നലെ വിളിച്ച് ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ആർ അജിത്കുമാര്‍ വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു
















































