കൽപ്പറ്റ, : പ്രളയക്കെടുതിയിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കളായ ഓർക്ല ഇന്ത്യ- ഈസ്റ്റേണും (Orkla India- Eastern) സിഐഐ ഫൗണ്ടേഷനും കൈകോർക്കുന്നു. ഓർക്ല ഇന്ത്യയുടെ സിഎസ്ആർ (CSR) പദ്ധതിയായ ‘വൺ വിത്ത് വയനാട്’ (One with Wayanad) എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗനവാടികൾ ശിശുസൗഹൃദവും ആധുനികവുമായ സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അംഗനവാടികൾ ടി. സിദ്ധിഖ് എംഎൽഎ നാടിന് സമർപ്പിച്ചു.
ഓർക്ലയുടെ കരുത്തിൽ പുതിയ മുഖച്ഛായ
വയനാടിന്റെ പുനർനിർമ്മാണത്തിൽ സജീവ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് ഓർക്ല ഇന്ത്യ- ഈസ്റ്റേൺ ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. ‘ബാല’ (Building as Learning Aid) സങ്കൽപ്പത്തിൽ കെട്ടിടത്തെ തന്നെ ഒരു പഠനസഹായിയാക്കി മാറ്റുന്ന രീതിയിലാണ് നിർമ്മാണം. ശിശുസൗഹൃദ ശുചിമുറികൾ, ആധുനിക അടുക്കളകൾ, ടൈൽ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങൾ എന്നിവയോടെ 15 അംഗനവാടികളാണ് ആദ്യഘട്ടത്തിൽ ഓർക്ല സ്മാർട്ടാക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. കൽപ്പറ്റ നഗരസഭ, മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഓർക്ലയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
നാളെത്തെ തലമുറയ്ക്കുള്ള നിക്ഷേപം
ശിശുവികസന പ്രവർത്തനങ്ങളിൽ തങ്ങൾക്കുള്ള പ്രതിബദ്ധത ഓർക്ല ഇന്ത്യ ഈ പദ്ധതിയിലൂടെ ഊട്ടിയുറപ്പിക്കുന്നു. “നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ പ്രീ-സ്കൂൾ തലത്തിലുള്ള ഇടപെടലുകൾക്ക് വലിയ സ്ഥാനമുണ്ട്. വയനാടിന്റെ പുനർനിർമ്മാണത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഓർക്ല ഇന്ത്യയ്ക്ക് അഭിമാനമുണ്ട്,” എന്ന് ഈസ്റ്റൺ സിഇഒ ഗിരീഷ് നായർ പറഞ്ഞു.
പരിശീലനവും പ്രതിബദ്ധതയും
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ജില്ലയിലെ 876 അംഗനവാടി പ്രവർത്തകർക്ക് വിദഗ്ധ പരിശീലനവും ഓർക്ലയുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്. പോഷകാഹാരം, കുട്ടികളുടെ വളർച്ചാ നിരീക്ഷണം (Growth Monitoring), ആധുനിക അധ്യാപന രീതികൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്.
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും (ICDS) പൂർണ്ണ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിര കൃഷി, ആരോഗ്യം-പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ ആറ് മേഖലകളിൽ ഓർക്ല ഇന്ത്യ നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ സിഐഐ കേരള ചെയർമാൻ വി.കെ.സി റസാഖ്, ഐസിഡിഎസ്, പ്രോഗ്രാം ഓഫീസർ ശ്രീമതി ഗീത എം ജി ,കൽപ്പറ്റ മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ മാഷ് , സി.പി.ഡി.ഒ ഷൈജ കെ.പി,സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.














































