സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. സിപിഎം പ്രവർത്തകരുടെ മേൽ കുതിര കയറാൻ വന്നാൽ മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് നേതാവിന്റെ ഭീഷണി. ലീഗ് നേതാക്കളോടാണ് വെല്ലുവിളി. ഡിവൈഎഫ്ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണിയാണ് ഭീഷണി പ്രസംഗം നടത്തിയത്. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിൽ ജനുവരി ഒന്നാം തീയതിയാണ് സംഭവം. ജാമ്യം ലഭിച്ച സിപിഎം പ്രവർത്തകർക്ക് സ്വീകരണം നൽകിയ യോഗത്തിലാണ് ലിജോ ഭീഷണി പ്രസംഗം നടത്തിയത്.
മുസ്ലിം ലീഗിനെതിരെ പരസ്യമായ അക്രമാഹ്വാനമാണ് പ്രസംഗത്തിലുടനീളമുള്ളത്. ലീഗ് പ്രവർത്തകരുടെ കൈ തല്ലിയൊടിച്ച സിപിഎംകാരാണ് ജയിലിൽ പോയിരുന്നത്. മുസ്ലിം ലീഗിന്റെ തെമ്മാടിപ്പടയുടെ നെഞ്ചൂക്കിനും അഹങ്കാരത്തിനും മറുപടി കൊടുത്തിട്ടാണ് സഖാക്കൾ ജയിലിൽ പോയത്. ജയിലിൽ കിടന്ന ലീഗിന്റെ പ്രവർത്തകർ നാലുനേരം കരയുകയായിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഗാന്ധി ജങ്ഷനിൽ വെച്ച് രണ്ടുമാസംമുൻപല്ലേ ലീഗിന്റെ നേതാക്കന്മാരെ പട്ടിയെ അടിക്കുംപോലെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചത്. അതുകൊണ്ട് തൃപ്തിയായിട്ടില്ല.
മുസ്ലിം ലീഗ് ആക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നും ലിജോ പറയുന്നു. ഞങ്ങളുടെ പ്രവർത്തകർ ജയിലിൽ നിന്ന് ഇറങ്ങി വെറുതെയിരുന്നില്ല. പ്രതിരോധ പ്രവർത്തനത്തിൽ ഞങ്ങളോടൊപ്പം പങ്കാളികളായി. ഞങ്ങളൊരിഞ്ച് പിറകോട്ടേക്കല്ല, മുന്നോട്ടേക്കാണ് വരുന്നത്. ഇതിവിടെ അവസാനിപ്പിച്ചാൽ മുസ്ലിം ലീഗിന് നല്ലത്. നേരെ മറിച്ച് തുടരുകയാണെങ്കിൽ മുസ്ലിം ലീഗിന്റെ മയ്യത്ത് സുൽത്താൻ ബത്തേരിയിലേക്ക് എടുക്കുന്ന രീതിയിൽ ശക്തമായ പ്രതിരോധം ഇവിടെ പാർട്ടി ഒരുക്കും. – വീഡിയോയിൽ ഡിവൈഎഫ്ഐ നേതാവ് പറയുന്നു.
















































