ദുബായ്: യുഎഇയിലെമ്പാടും വ്യാപകമാക്കാന്‍ പോകുന്ന റോബോ ടാക്സി ദുബായില്‍ സര്‍വീസ് തുടങ്ങി. ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോ ടാക്സി ഓടിത്തുടങ്ങിയത്. യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പ് ഉപയോഗിച്ച് റോബോ ടാക്സി ബുക്ക് ചെയ്യാം. ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യയിലെ വിദഗ്ധരായ വിറൈഡ്, ഊബര്‍ ടെക്നോളജീസ് എന്നിവയുമായി സഹകരിച്ചാണ് ദുബായില്‍ റോബോ ടാക്സി പ്രവര്‍ത്തിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു.
അടുത്തവര്‍ഷം പൂര്‍ണ്ണമായും സ്വയംനിയന്ത്രിത വാഹനസംവിധാനത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് റോബോ ടാക്സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിതുടങ്ങുന്നതെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒ അഹമദ് ബഹ്റോസിയാന്‍ പറഞ്ഞു. ലോകത്ത് പലയിടത്തും പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സേവനം ദുബായിലേക്ക് വ്യാപിപ്പിച്ചതെന്ന് വീറൈഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെന്നിഫര്‍ ലി വ്യക്തമാക്കി. 2030-ഓടെ ആയിരക്കണക്കിന് റോബോ ടാക്സികള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. പശ്ചിമേഷ്യയിലും ആഗോളതലത്തിലും റോബോ ടാക്സികള്‍ ഒരുക്കും. 2030-ഓടെ 25 ശതമാനം ഓട്ടോണമസ് യാത്രകളാക്കുക എന്ന ദുബായുടെ ലക്ഷ്യവും ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
വിറൈഡ് നിലവില്‍ മിഡിലീസ്റ്റില്‍ ഏകദേശം 150 ഓട്ടോണമസ് വാഹനങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതില്‍ 100 ലേറെ റോബോടാക്സികളുമുണ്ട്. ദുബായില്‍ ഓരോ വര്‍ഷവും ജനസംഖ്യ കുത്തനെ ഉയരുകയാണ്. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ചാണ് പൊതുഗതാഗത സംവിധാനങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നത്.
അബുദാബിയിലും റോബോ ടാക്‌സികള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. യുഎഇയുടെ ദേശീയ കമ്പനിയായ ലുമോ ആണ് അബുദാബിയില്‍ ആഡംബര സെല്‍ഫ് ഡ്രൈവിങ് റോബോ ടാക്‌സികള്‍ പുറത്തിറക്കുക. ഇതിനായി ലോകോത്തര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സുമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വൈദഗ്ധ്യമുള്ള മൊമെന്റയുമായും ലുമോ കൈകോര്‍ക്കും. മൊമെന്റയുടെ ലെവല്‍ 4 ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനത്തിലൂടെ പുതിയ മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസില്‍ നിര്‍മ്മിച്ച റോബോ ടാക്‌സികള്‍ പ്രവര്‍ത്തിക്കുക. ലോകത്തിലെ തന്നെ ആദ്യത്തെ പ്രീമിയം റോബോട്ട് ടാക്‌സി മോഡലായിരിക്കുമെന്നും ഇതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
റോബോ ടാക്‌സികളുടെ വാണിജ്യപ്രവര്‍ത്തനം അടുത്തവര്‍ഷം അബുദാബിയില്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ സ്മാര്‍ട്ട് ഗതാഗത രംഗത്ത് വലിയ ചുവടുവെപ്പിന് ഒരുങ്ങുകയാണ് യുഎഇ. ഭാവിയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിപണിയിലേക്ക് റോബോ ടാക്‌സികള്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിരവധി സെല്‍ഫ് ഡ്രൈവിങ് ഗതാഗത പദ്ധതികള്‍ നടപ്പാക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
















































