തിരുവനന്തപുരം: നാടകീയ രംഗങ്ങൾക്കൊടുവിൽ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി പ്രതിഷേധിച്ചു. പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ട് പുറത്തിറങ്ങി. സർക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാർട്ടി കുറ്റവാളികൾക്ക് പരോൾ വാരിക്കോരി നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകിയത്. ടി.പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ഇത്തരം ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ.കെ. രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും സതീശൻ ചോദിച്ചു.
പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതോടെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തിയാണ് ആദ്യം പ്രതിഷേധിച്ചത്. ഇത് വകവയ്ക്കാതെ സ്പീക്കർ സഭാ നടപടികൾ തുടർന്നു. ഇതിനിടയിൽ സംസാരം തുടരാൻ സ്പീക്കർ ശിവൻകുട്ടിയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ സഭയിൽ വാക്ക്പോരുനടന്നു.
ഭരണപക്ഷത്തെ ചുമ്മാ വിരട്ടാൻ വരരുതെന്നും നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല, ആരും മന്ത്രിമാരുടെ നേരെ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കള്ളന്മാർ പോയത് സോണിയയെ കാണാനാണെന്നും ശിവൻകുട്ടി ആരോപിച്ചു. ഇതിനിടെ ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ എന്ന് മുദ്രാവാക്യം വിളിച്ച് കെ.ടി ജലീലും രംഗത്തെത്തി.


















































