ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ഇരു നേതാക്കളുടെയും സംഭാഷണ വിഷയമോ അനുബന്ധ വിവരങ്ങളോ അദ്ദേഹം പങ്കുവച്ചിട്ടില്ല. സംഭാഷണം നടത്തിയെന്നും കൂടുതൽ വിവരങ്ങൾക്കായി തുടരുക എന്നുമാണ് യുഎസ് അംബാസഡർ കുറിച്ചിരിക്കുന്നത്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ അനന്തമായി നീളുന്നതിനിടെയാണ് ട്രംപ്–മോദി സംഭാഷണത്തെ കുറിച്ചുള്ള പുതിയ വിവരം പുറത്തുവന്നത്. റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നതിൽ പ്രകോപിതനായ ട്രംപ് 50% തീരുവ ചുമത്തിയിരുന്നു. യുഎസിന്റെ ഈ നടപടിയ്ക്ക് ഇന്ത്യ തീരുവകൊണ്ടു തന്നെ തിരിച്ചടി നൽകി . യുഎസ് ഇന്ത്യയിലേക്ക് വൻ തോതിൽ കയറ്റുമതി ചെയ്യുന്ന പയറുവർഗങ്ങൾക്കും പരിപ്പുകൾക്കും 30% തീരുവയാണ് ഇന്ത്യ നിലവിൽ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ തീരുവ നിലവിലുണ്ട്, എന്നിരുന്നാലും ഇത് പൊതുവായി പ്രഖ്യാപിക്കാതെയാണ് നടപ്പിലാക്കിയത്. കേന്ദ്ര സർക്കാർ ഈ നടപടിയ്ക്ക് കാര്യമായി പ്രചരണം നൽകിയില്ല. അടുത്തയിടെ രണ്ട് യുഎസ് സെനറ്റർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതിയ വിവരം പുറത്ത് വന്നതോടെയാണ് ഇന്ത്യ ചുമത്തിയ തീരുവ ചർച്ചയായത്.
ഇന്ത്യ ചുമത്തിയ വൻതീരുവയിൽ അമേരിക്കൻ കർഷകരും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണെന്നും കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തണമെന്നും സെനറ്റർമാർ ട്രംപിനോട് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ട്രംപ് മോദിയെ ഫോൺ ചെയ്തതാണോ അതോ മറ്റെന്തെങ്കിലും വിഷയത്തിലധിഷ്ഠിതമായി മോദി ട്രംപിനെ വിളിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. എന്തായാലും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെ ഇരു രാജ്യ നേതാക്കളും തമ്മിലുള്ള സംഭാഷണം ശ്രദ്ധേയമായി മാറുന്നു.














































