ന്യൂഡൽഹി: ഇന്ത്യക്കെതിരെ വമ്പൻ കരു നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. 24 മണിക്കൂറിനുള്ളിൽ 25% കൂടി ഏർപെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ട്രംപിന്റെ പുതിയ മൂവ്. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിനെതിരെ ട്രംപ് രംഗത്തെത്തുകയായിരുന്നു.
നേരത്തെ ഇന്ത്യയുടെ ചരക്കുകൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.
അമേരിക്ക ഉടക്കിയിട്ടും മൈൻഡ് ആക്കാതെ ഇന്ത്യ, ബന്ധം മെച്ചപ്പെടുത്താൻ അജിത് ഡോവൽ റഷ്യയിലേക്ക്