സിനിമാ രംഗത്തുനിന്നും കഴിഞ്ഞ ഏതാനും നാളുകളായി ഏറെ ആഘോഷിക്കപ്പെടുന്നയൊന്നാണ് ശ്രദ്ധേയ താരങ്ങളായ ധനുഷിന്റെയും മൃണാൾ ഠാക്കൂറിന്റെയും പ്രണയബന്ധം. എന്നാൽ താരങ്ങൾ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ തീയ്യതി കുറിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഈ വരുന്ന ഫെബ്രുവരി 14 ന് , വാലറ്റൈൻസ് ദിനത്തിൽ ധനുഷ് -മൃണാൾ വിവാഹമുണ്ടാകുമെന്നാണ് സൂചന. തീർത്തും സ്വകാര്യമായി നടത്തപ്പെടുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിന് ഔദ്യോഗികമായ സ്ഥിരീകണമൊന്നും ഉണ്ടായിട്ടില്ല. സിനിമാലോകത്തിന്റെ കോണുകളിൽ നിന്നും സോഷ്യൽ മീഡിയ ഇടങ്ങളിലുമാണ് ഈ അഭ്യൂഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ധനുഷും മൃണാൾ ഠാക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന പ്രചരണങ്ങളും ചർച്ചകളും കൊഴുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി മൃണാൾ നായികയായ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം വന്നതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്.ഇതിനു ശേഷം മൃണാളിന്റെ പിറന്നാളാഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചു.
പിന്നീട് ഇൻസ്റ്റഗ്രാമിൽ ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. ധനുഷ് ചിത്രം ‘തേരെ ഇഷ്‌ക് മേ’യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നു. അതുകൂടാതെ, സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തി.
‘ദോ ദിവാനാ ഷെഹർ മേ’ എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ മൃണാൾ പങ്കുവെച്ചപ്പോൾ അതിനു താഴെ ധനുഷ് നന്നായിട്ടുണ്ടെന്നിട്ട കമന്റും ഇരുവരുടെയും പ്രണയാഭ്യൂഹങ്ങൾക്ക് നിറം പകർന്നു. ഇതിന് മൃണാളും ചിത്രത്തിലെ നായകൻ സിദ്ധാർഥ് ചതുർവേദിയും മറുപടിയും നൽകിയിരുന്നു.അതിന്റെ സ്‌ക്രീൻഷോട്ട് പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
തമിഴ് സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. 2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹം ചെയ്തു. 2024-ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തിലാണ് മൃണാൾ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാൾ ഠാക്കൂർ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘സീതാരാമ’ത്തിലൂടെയാണ് പാൻ- ഇന്ത്യൻ ശ്രദ്ധ നേടിയത്.

















































