ന്യൂഡല്‍ഹി: ഡാറ്റ പുതുക്കലിൻ്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്തതായി യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. രാജ്യത്താകെ മരിച്ച ആളുകളുടെ ആധാറാണ് നീക്കം ചെയ്തതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും ആധാര്‍ ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് യുഐഡിഎഐ വ്യക്തമാക്കി.
മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ദേശീയ സാമൂഹിക സഹായ പദ്ധതികള്‍, പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയുടെ സഹായം തേടിയതായി യുഐഡിഎഐ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം.

















































