ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയായി മധ്യപ്രദേശ് സർക്കാർ അവകാശപ്പെട്ട വത്സല, ചൊവ്വാഴ്ച പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഹിനൗട്ട ശ്രേണിയിൽ ചെരിഞ്ഞു. 100 വയസ്സിനു മുകളിൽ പ്രായം ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന ആനയാണ് വത്സല. കേരളത്തിൽ നിന്നാണ് വത്സലയെ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. പിന്നീട് പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി. നൂറ്റാണ്ട് നീണ്ട ‘വത്സല’യുടെ സൗഹൃദത്തിന് ഇന്ന് വിരാമമായി. ‘വത്സല’ പന്ന ടൈഗർ റിസർവിൽ അന്ത്യശ്വാസം വലിച്ചു. അവൾ വെറുമൊരു ആനയല്ല, നമ്മുടെ വനങ്ങളുടെ നിശബ്ദ സംരക്ഷകയും, തലമുറകളുടെ സുഹൃത്തും, മധ്യപ്രദേശിന്റെ വികാരങ്ങളുടെ പ്രതീകവുമായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
ക്യാമ്പ് ആനകളുടെ സംഘത്തെ നയിച്ച ആനയായിരുന്നു വത്സല. വളരെക്കാലമായി റിസർവ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമായിരുന്നു വത്സല . കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന നിലയിൽ, സംഘത്തെ നയിച്ചിരുന്നത് വത്സലയായിരുന്നു. മുൻകാലുകളിൽ ഒന്നിലെ നഖം ഒടിഞ്ഞതിനെത്തുടർന്ന് വത്സല ഹിനൗട്ട റേഞ്ചിലെ ഖൈരയ്യ നളയ്ക്ക് സമീപം വിശ്രമത്തിലായിരുന്നു. വനം ജീവനക്കാർ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ വത്സല ചെരിഞ്ഞു. ആനയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. പ്രായാധിക്യം കാരണം ദീർഘദൂരം നടക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് മൃഗഡോക്ടർമാരുടെ കീഴിൽ ചികിത്സയിലായിരുന്നു.