തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും. 2008ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബമാണ് സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനു തരംതാഴ്ത്തലിനു വിധേയനായ മുൻ ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ നായരെ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിൽ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിലേക്ക് അവരോധിച്ചെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് ആരോപിച്ചു.
രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി ഒരിക്കലും നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ വിനോദ് പറഞ്ഞു. 2008 ഏപ്രിൽ ഒന്നിന് കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിനു മുന്നിലാണു വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. ആ കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്നു തിരുവനന്തപുരം ജില്ലാ കോടതി കണ്ടെത്തിയെങ്കിലും പിന്നീട് ഹൈക്കോടതി ഇവരെ വിട്ടയച്ചു. ഈ വിധി സുപ്രീം കോടതിയും ശരിവച്ചു.
തുടർന്നു വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പാർട്ടി ഇടപെട്ട് 10 ലക്ഷത്തോളം രൂപയാണു പിരിച്ചെടുത്തത്. 5 ലക്ഷം രൂപ കുടുംബത്തിനു കൊടുത്തു. ബാക്കി 5 ലക്ഷം രൂപ രവീന്ദ്രൻ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നായിരുന്നു ആരോപണം. ഫണ്ട് പിരിക്കുന്നതിൽ കുടുംബത്തിനു താൽപര്യമുണ്ടായിരുന്നില്ലെന്നും നേതാക്കന്മാർ നിർബന്ധിച്ചപ്പോഴാണു സമ്മതിച്ചതെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. അന്നത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന ടി.രവീന്ദ്രൻ ആ കാശ് അവിടെനിന്ന് എടുത്തെന്ന് അറിഞ്ഞു. 5 ലക്ഷം അമ്മയുടെ അക്കൗണ്ടിൽ കൊടുത്തു, ബാക്കി 5 ലക്ഷം പാർട്ടി കൈയിൽ വയ്ക്കുകയുമായിരുന്നു. പിന്നീട് ബാങ്കിൽനിന്ന് പണം മാറ്റിയെന്ന് സ്ഥിരീകരിച്ചതോടെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഏരിയ കമ്മിറ്റി അംഗത്വത്തിൽനിന്നും രവീന്ദ്രനെ തരംതാഴ്ത്തി.
പക്ഷെ തൊട്ടടുത്ത സമ്മേളനത്തിൽ അയാളെ ലോക്കൽ കമ്മിറ്റിയിലേക്ക് കൊണ്ടുവരാൻ തിരുവനന്തപുരത്തെ മന്ത്രി ഇടപെട്ടു. മുഴുവൻ സഖാക്കളും എതിർത്തതിനാൽ എടുത്തില്ല. പിന്നീട് സിഐടിയുവിന്റെ ജില്ലാ സമ്മേളനം നടക്കുമ്പോൾ മന്ത്രി ഇടപെട്ട് രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കി. ഫണ്ട് തിരിമറി നടത്തിയ ആളിനെ സിഐടിയുവിന്റെ ജില്ലാ നേതാവാക്കുന്നതിൽപ്പരം നാണക്കേട് ഉണ്ടോ. അത് ഉൾക്കൊള്ളാനായില്ല. ഇപ്പോഴെങ്കിലും പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്?’’- വിനോദ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്‌പോർട്‌സ് കൗൺസിൽ വഴി തനിക്കു ലഭിച്ച കരാട്ടെ പരിശീലക സ്ഥാനം തെറിപ്പിച്ചെന്നും ഇനി പാർട്ടി കുടുംബമായി തുടരാനാവില്ലെന്നും വിനോദ് പറഞ്ഞു. അതേസമയം വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നിക്ഷേപിച്ചത് ടി. രവീന്ദ്രൻ നായർ പ്രസിഡന്റായ കൈതമുക്ക് ചുമട്ടു തൊഴിലാളി സർവീസ് സഹകരണ ബാങ്കിൽ ആയിരുന്നു. ഇദ്ദേഹം പ്രസിഡന്റായ ശേഷമാണു പണം പിൻവലിച്ചതെന്നാണു വിവരം.
വിഷ്ണുവിന്റെ കുടുംബത്തിനു കൊടുത്തതിന്റെ ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരിൽ കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തിൽ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിൽനിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്നാണു ലോക്കൽ കമ്മിറ്റിയുടെ അന്വേഷണത്തിൽ അന്നു കണ്ടത്. ഈ പണം അക്കൗണ്ടിലുണ്ടായിരുന്നു എങ്കിൽ പലിശയും ചേർത്ത് 9 ലക്ഷം രൂപയാകുമായിരുന്നുവെന്നു ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
















































