തൊടുപുഴ: ചിന്നക്കനാൽ സൂര്യനെല്ലിയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനു നേരെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ ഭീഷണി. ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.പി. സുനിൽകുമാറാണ് ഉദ്യോഗസ്ഥ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ‘ഇവിടെ ഒഴിപ്പിക്കലൊന്നും വേണ്ട, മുന്നിൽ വന്നാൽ ചവിട്ടി കഴുത്തൊടിക്കുമെന്നും’ ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ സിദ്ദിഖ് കുട്ടി, ചിന്നക്കനാൽ വില്ലേജ് ഓഫിസർ വി.സന്തോഷ്കുമാർ എന്നിവരുൾപ്പെടെയുള്ള റവന്യു സംഘത്തോടു പറഞ്ഞത്.
അതേസമയം സൂര്യനെല്ലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാൻ റവന്യു സംഘം എത്തിയത് ഹൈക്കോടതി ഉത്തരവു പ്രകാരമാണ്. സിപിഎം പ്രവർത്തകർ തടഞ്ഞതോടെ റവന്യു സംഘം, ഉടമയിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം മടങ്ങി. സുനിൽകുമാറിനെ കൂടാതെ ജില്ലാ കമ്മിറ്റിയംഗം വി.വി.ഷാജി, ഏരിയ കമ്മിറ്റിയംഗം വി.എക്സ്. ആൽബിൻ എന്നിവരും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു.















































