പാലക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ്. അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് അജയകുമാർ ആരോപിച്ചു. ദീർഘകാലമായി സിപിഎം-സിപിഐ തർക്കം നിലനിൽക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐയുടേത് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണെന്ന് അജയകുമാർ പരിഹസിച്ചു. താൻ ഉള്ളതുകൊണ്ടാണ് ഉത്തരം വീഴാത്തതെന്ന പല്ലിയുടെ ഭാവമാണ് അവർക്കെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയും എന്നാൽ തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സിപിഎമ്മിന് മേൽ കെട്ടിവെക്കുകയും ചെയ്യുന്ന സ്വഭാവമാണ് സിപിഐയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ വെറും അഞ്ച് ശതമാനം വോട്ട് മാത്രമുള്ള സിപിഐക്ക് ഒരു നിയമസഭാ മണ്ഡലത്തിലോ പഞ്ചായത്തിലോ ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ കെൽപ്പില്ലെന്നും അജയകുമാർ കൂട്ടിച്ചേർത്തു.
















































