കൊച്ചി: തനിക്ക് എതിരായ ബലാത്സംഗ പരാതികൾക്ക് പിന്നിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചനയെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും താനുമായുള്ള ചാറ്റുകൾ പൂർണമായും പുറത്തുവിടാൻ പരാതിക്കാരെ രാഹുൽ വെല്ലുവിളിച്ചു. താൻ ഒളിച്ചോടില്ലെന്നും കേസുകളെ സധൈര്യം നേരിടുമെന്നുമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം. അതേസമയം ലൈംഗിക പീഡന പരാതിയിൽ ജയിലിൽ പോയി ജാമ്യം ലഭിച്ചത് പിന്നാലെയുള്ള ആദ്യ പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങൾ മാത്രമെന്നും പൂർണരൂപം പുറത്തുവിടണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്കെതിരെയുള്ള പരാതികൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാർമികതകളൊക്കെ വച്ച് പുലർത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലിൽ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലിൽ കിടത്തിയേ അടങ്ങൂ എന്ന് സർക്കാർ തീരുമാനിച്ചത് കൊണ്ടാണ് മൂന്നാമത്തെ പരാതി ഉണ്ടായത്
അതേപോലെ തനിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിക്കുന്നത് നടി റിനി ആൻ ജോർജാണ്. അവരെ പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം അപമദ്യാദയായി പെരുമാറി എന്നാണ് പറയുന്നത്. പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ റിനിയുടെ മറുപടി എന്തായിരുന്നു. അതുകൂടി പബ്ലിക് ഡൊമെയ്‌നിൽ വച്ചോളൂ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പരാതി പറഞ്ഞയാളുകളിൽ തന്നെ ഏറ്റവും ഞെട്ടിച്ചത് എംഎ ഷഹനാസാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അടുത്ത സുഹൃത്തെന്ന് കരുതിയ ആളാണ്. കർഷക സമരത്തിന്റെ സമയത്ത് മോശമായി പെരുമാറിയെന്നും ഷഹനാസ് ചുട്ട മറുപടി തന്നു എന്നുമാണ് പറയുന്നത്. ഈ മറുപടി ഷഹനാസ് പുറത്ത് വിടട്ടേ. എനിക്ക് അറിയുന്ന ഷഹനാസ് ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആകാൻ ആഗ്രഹിച്ചയാളാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയതിന് ശേഷം തന്നെ അഭിനന്ദിച്ചയാളാണ്. ഉപദേശങ്ങൾ തന്നയാളാണ്. പാലക്കാട് മത്സരിക്കണമെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞ സുഹൃത്താണ്. ഈ വിഷയങ്ങളുണ്ടായി ഓഗസ്റ്റ് മാസത്തിന് ശേഷം മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് പറഞ്ഞയാളാണ്, എന്നിട്ടാണ് പിന്നീട് തനിക്കെതിരെ തിരിഞ്ഞത്– രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം സാമ്പത്തിക ചൂഷണം നടത്തിയെന്ന മൂന്നാം കേസിലെ പരാതിക്കാരിയുടെ പരാതിയും രാഹുൽ മാങ്കൂട്ടത്തിൽ തള്ളി. ഫ്‌ളാറ്റ് വാങ്ങിത്തരാൻ ആവശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധം. അവരോട് മെസേജുകൾ മുഴുവൻ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിങ്ങൾ പുറത്ത് വിട്ട ചാറ്റിലെ അഞ്ച് മെസേജുകൾ മുകളിലേക്കും അഞ്ച് മെസേജുകൾ താഴോട്ടും പുറത്ത് വിടാൻ തയാറുണ്ടോ? – രാഹുൽ ചോദിച്ചു.
അതുപോലെ വിഡി സതീശനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. വിഡി സതീശനെ കാണാൻ ശ്രമിച്ചിട്ടില്ല, നടപടിക്ക് മുൻപ് സതീശൻ തന്നെ കേൾക്കാത്തതിൽ സങ്കടമുണ്ടെന്നും രാഹുൽ പറഞ്ഞു. എന്റെ വിഷയമുണ്ടായതിന് ശേഷം ആദ്യമായൊരു മാർച്ച് നടക്കുന്നത് വിഡി സതീശന്റെ ഓഫീസിലേക്കാണ്. വിഡി സതീശൻ എന്നെ സംരക്ഷിക്കുന്നു എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന് എന്തെങ്കിലും ബോധ്യങ്ങളുണ്ടെങ്കിൽ സംസാരിക്കാനും എന്റെ ഭാഗം പറയാനും തയാറാണ്. അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടില്ല. എനിക്കെതിരെ ഗൂഢാലോചന കോൺഗ്രസിന് പുറത്ത് നിന്നായിരിക്കുമല്ലോ കൂടുതൽ നടക്കുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
















































