ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിയുമായി ഒതുക്കത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്നും മുപ്പതോളം പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അടുത്തിടെയാണു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനു പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറ് മനസിലാക്കാന്‍ പരീക്ഷണം നടത്തുമെന്ന് പാര്‍ട്ടി നേതാവ് സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവ. ചോരയിലും ഞരമ്പിലും കോണ്‍ഗ്രസ് രക്തമുള്ളവരില്‍ ആരെങ്കിലും വൈറസ് ആണെന്നു കണ്ടെത്തിയാല്‍ അവര്‍ക്ക് ‘റിവാര്‍ഡ്’ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ 30 ശതമാനം ആളുകള്‍ക്കെങ്കിലും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി നേരത്തേ ഇക്കാര്യം പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഉന്നത നേതാക്കളെയും പരീക്ഷണത്തില്‍നിന്ന് ഒഴിവാക്കില്ല. പാര്‍ട്ടി മീറ്റിംഗുകളില്‍ പങ്കെടുക്കാത്ത ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതു പിന്നീടു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കു കൈമാറും. എന്നാല്‍ എങ്ങനെയാകും ‘കൂറ്’ മനസിലക്കാനുള്ള പരീക്ഷണം നടത്തുകയെന്നതു വ്യക്തമല്ല.
'DNA Test' Of Cadres In Rajasthan
Rahul ji had said that DNA should be seen; in Congress there are 30% such people… We will do a DNA test in Rajasthan…: Sukhjinder Singh Randhawa, Cong MP@Sabyasachi_13 & @deepduttajourno share details with @HeenaGambhir pic.twitter.com/jTQzRtVPrk
— TIMES NOW (@TimesNow) March 19, 2025
ഇക്കാര്യം സുഖ്ജിന്തര്‍ സിംഗ് ‘എക്‌സി’ലും എഴുതിയിട്ടുണ്ടെന്നും കോണ്‍ഗ്രസുകാരെല്ലാം ടെസ്റ്റ് നടത്താന്‍ തയാറായിക്കൊള്ളൂ എന്നു ബിജെപിയും പരിഹസിച്ചു. ഈ മാസം ആദ്യം ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണു ബിജെപിയുമായി രഹസ്യ ബന്ധമുള്ളവരെ ഒഴിവാക്കുമെന്നു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. നേതാക്കളെയും പ്രവര്‍ത്തകരെയും രണ്ടു ഗ്രൂപ്പുകളായി വിഭജിക്കുമെന്നും അതിലൊന്നു പാര്‍ട്ടിയുടെ ആദര്‍ശം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും മറ്റൊന്ന് ബിജെപിയുമായി ബന്ധമുള്ളവരുമായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയെ ക്ലീനാക്കി കഴിഞ്ഞാല്‍ 40 നേതാക്കളെയെങ്കിലും പുറത്താക്കേണ്ടിവരുമെന്നും അദ്ദേഹം സൂചന നല്‍കി.
‘ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രണ്ടു തരത്തിലുള്ള നേതാക്കളാണ് ഉള്ളത്. അതിലൊന്നു സത്യസന്ധരായ ആളുകളാണ്. അവര്‍ക്കുവേണ്ടി പോരാടും. മറ്റൊന്നു ജനങ്ങളുമായി ബന്ധമില്ലാത്തവരാണ്. അതില്‍ പാതിയും ബിജെപിയുമായി ബന്ധമുള്ളവരുമാണ്’ -രാഹുല്‍ പറഞ്ഞു. 2027ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പാര്‍ട്ടിയില്‍ സമൂല അഴിച്ചുപണിയുണ്ടാകുമെന്നും ബിജെപിയെ ഭരണത്തില്‍നിന്ന് നീക്കാനുള്ള പദ്ധതി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എ.കെ. ആന്റണി പറഞ്ഞ വാചകങ്ങള്‍ക്കു സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ ചിലര്‍ രാത്രിയില്‍ വെള്ള മുണ്ടിനടിയില്‍ കാക്കി അണ്ടര്‍വെയര്‍ ധരിക്കുന്നവരാണെന്ന ആന്റണിയുടെ പരാമര്‍ശം വന്‍ വിവാദത്തിനു വഴിവച്ചിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ ഇപ്പോഴും തെരഞ്ഞെടുപ്പില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.