ആർഎസ്എസിന്റെ നൂറാം വാർഷികം പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഘോഷപൂർവം കൊണ്ടാടുകയാണ്. എന്നാൽ ആർഎസ്എസ് എന്ന സംഘടനയെ പൊതുമധ്യത്തിൽ തുറന്നു കാട്ടുകയാണ് കോൺഗ്രസ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിനും രാജ്യത്തിനും ഭീഷണിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ കത്ത് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് ആർഎസ്എസിനെ പറ്റി സംസാരിച്ചത്. ആർഎസ്എസിന്റെ നൂറാം സ്ഥാപനത്തിൽ അവരുടെ ആസ്ഥാനത്തേക്ക് ഇന്ത്യൻ ഭരണഘടന ഉയർത്തി കോൺഗ്രസ് മാർച്ച് നടത്തുകയും ഉണ്ടായി. ആർഎസ്എസ് ഈ രാജ്യത്തിന് എല്ലാകാലത്തും ഭീഷണിയാണ് പൊതുജനത്തെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയായിരുന്നു ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
പ്രധാനമന്ത്രി ഇന്ന് രാവിലെ ആർഎസ്എസിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. 1948 ജൂലൈ 18ന് സർദാർ പട്ടേൽ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിക്ക് എഴുതിയതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തോടെ ആയിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എം പി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ സർദാർ പട്ടിയിൽ എഴുതിയ കത്ത് പങ്കുവെച്ചത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തന്നെ ആർഎസ്എസിനും ഹിന്ദുമഹാസഭയ്ക്കുമുള്ള പങ്കിനെക്കുറിച്ച് ഒന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ രണ്ടു സംഘടനകളുടെയും പ്രത്യേകിച്ച് ആർഎസ്എസിന്റെ പ്രവർത്തനത്താൽ ഇത്രയും ഭയാനകമായ ഒരു ദുരന്തം സാധ്യമാകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു എന്ന് ഞങ്ങളുടെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇതിന്റെ ഗൂഢാലോചനയിൽ ഹിന്ദുമഹാസഭയിലെ തീവ്ര പക്ഷം ഭാഗമായിട്ടുണ്ട് എന്നതിൽ എനിക്ക് സംശയമില്ല.
ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിനും രാജ്യത്തിനും ഭീഷണിയാണ് എന്ന് സർദാർ പട്ടേൽ തന്റെ കത്തിൽ പറയുന്നു.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ആർഎസ്എസിന്റെ സേവന പ്രവർത്തനങ്ങളെ പറ്റി വാചാലരാവുന്നത് വേളയിലാണ് കോൺഗ്രസ് ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയുടെ തന്നെ ആർഎസ്എസിന്റെ രാജ്യത്തിന് ഭീഷണിയാണെന്ന വാക്കുകൾ രാജ്യത്തിനെ ഓർമ്മപ്പെടുത്തിയത്. ആർഎസ്എസിന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് സർദാർ പട്ടേൽസ് കറസ്പോണ്ടൻസ് 1945-1950 എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഈ കത്ത്. ആർഎസ്എസ് ഈ രാജ്യത്തിന് ചെയ്യുന്നത് സേവനങ്ങൾ അല്ല ദ്രോഹങ്ങളാണ് എന്ന് സ്ഥാപിക്കാൻ ഈ കത്ത് പുറത്ത് വിട്ടതിലൂടെ കോൺഗ്രസിന് നൂറാം സ്ഥാപകദിനത്തിൽ പോലും സാധിച്ചു എന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി.
ബിജെപിയും കേന്ദ്രസർക്കാരും ആർഎസ്എസിനെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ, ആർഎസ്എസിന്റെ രാഷ്ട്രീയം എന്താണെന്ന് രാജ്യത്തോട് സംവദിക്കാനായി കോൺഗ്രസ് പല മാർഗ്ഗങ്ങളും സ്വീകരിച്ചു. ആ മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ആർഎസ്എസിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആയിരുന്നു. മഹാത്മാഗാന്ധിയുടെ സേവാഗ്രാമാശ്രമത്തിൽ നിന്നും നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനമായ റേശിബാഗിലേക്ക് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് കോൺഗ്രസ് മാർച്ച് ചെയ്തത്. നൂറാം സ്ഥാപക ദിനത്തിൽ ആർഎസ്എസിന്റെ ആസ്ഥാനത്തേക്ക് ഭരണഘടന ഉയർത്തി മാർച്ച് ചെയ്യുന്നതിലൂടെ കോൺഗ്രസ് വളരെ വ്യക്തമായി തന്നെ താങ്കൾക്കു പറയാനുള്ള രാഷ്ട്രീയത്തെ പൊതുജനവുമായി സംവദിക്കുന്നുണ്ട്.
നിരവധി അക്രമങ്ങൾ ഉണ്ടായിട്ടും രാഷ്ട്രത്തിന് ഒന്നാം സ്ഥാനം എന്ന തത്വത്തിൽ സംഘടന പ്രവർത്തിച്ചു എന്നും, ഒട്ടും വൈരാഗ്യം കാണിച്ചില്ല എന്നും ആർഎസ്എസിനെ പുകഴ്ത്തി ഒരുവശത്ത് പ്രധാനമന്ത്രി സംസാരിക്കുമ്പോൾ മറുഭാഗത്ത് ആർഎസ്എസ് വരുംകാലങ്ങളിൽ കൂടുതൽ വെല്ലുവിളിയാകും എന്ന സർദാർ പട്ടേലിന്റെ കത്തും, ഇന്ത്യൻ ഭരണഘടന ഉയർത്തിയുള്ള കോൺഗ്രസിന്റെ മാർച്ചും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ മതേതര ഇന്ത്യ കൃത്യമായി തന്നെ വായിച്ചെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ പറയുന്നതല്ല ആർഎസ്എസിന്റെ യഥാർത്ഥ മുഖം എന്ന് പുതിയ തലമുറയോട് ഉൾപ്പെടെ പറയാൻ കോൺഗ്രസിന് സാധിക്കുന്നു എന്ന് തന്നെയാണ് ഈ ദിവസങ്ങളിലെ ചർച്ചകൾ നമുക്ക് കാട്ടിത്തരുന്നത്.
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഇറക്കിയതിനെയും കോൺഗ്രസ് ശക്തമായി തന്നെ വിമർശിച്ചു. ബിജെപി അധികാരത്തിൽ നിന്നും പുറത്തു പോകുന്ന നിമിഷം ആർഎസ്എസ് ബിജെപി പ്രത്യശാസ്ത്രത്തെ പാലിൽ നിന്ന് ഈച്ചയെ എന്നപോലെ എടുത്തു ദൂരെ കളയും എന്നായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ പ്രതികരണം. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് 60 രൂപയായിരുന്നു സവർക്കർ വാങ്ങിയിരുന്ന പെൻഷൻ തുക. അതുകൊണ്ടുതന്നെ 100 രൂപയുടെ നാണയത്തിന് പകരം 60 രൂപയുടെ നാണയം ആയിരുന്നു പുറത്തിറക്കേണ്ടി ഇരുന്നതെന്നും പവൻ ഖേര എക്‌സിൽ കുറിച്ചു.
ആർഎസ്എസ് മാപ്പ് എഴുതി കൊടുത്തത് ബ്രിട്ടീഷുകാർക്കാണ്, അതുകൊണ്ട് തന്നെ ബ്രിട്ടീഷ് തപാൽ സ്റ്റാമ്പ് ആയിരുന്നു ആർഎസ്എസ് വേണ്ടി പുറത്തിറക്കേണ്ടതെന്നും പവൻ ഖേര പരിഹസിക്കുന്നുണ്ട്. ഡൽഹി വിദ്യാലയങ്ങളിൽ പാഠ്യപദ്ധതിയിൽ ആർഎസ്എസിനെ ഉൾപ്പെടുത്തണമെന്ന പ്രഖ്യാപനത്തെയും പവൻ ഖേര ചോദ്യം ചെയ്യുന്നുണ്ട്. ദ്വിരാഷ്ട്രവാദം ആദ്യമായി ഗോൾവാൾക്കർ അവതരിപ്പിച്ചത് മുതൽ ത്രിവർണ പതാകയെ ആർഎസ്എസ് എതിർത്തതും ഉൾപ്പടെയുള്ള കാര്യങ്ങളും അതിന്റെ പേരിൽ വന്ന കേസുകളും ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ കാര്യങ്ങളും പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടി വരില്ലേ എന്നും പരിഹാസ രൂപേണ പവൻ ഖേര ചോദിക്കുന്നു. നിങ്ങൾ എത്ര സ്റ്റാമ്പുകൾ അടിച്ചിറക്കിയാലും, എത്ര നാണയങ്ങൾ പുറത്തിറക്കിയാലും ആർഎസ്എസിനെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിച്ചാലും ഈ രാജ്യം ഗാന്ധിയുടേതാണ്, അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും പവൻ ഖേര പറയുന്നു. ആർഎസ്എസിനെ പുകഴ്ത്തുന്ന കേന്ദ്രസർക്കാരിനെ രൂക്ഷമായി തന്നെ കോൺഗ്രസ് നേതാക്കൾ വിമർശിക്കുന്നുണ്ട്. ഈ രാജ്യം ഗാന്ധിയുടേതാണ് എന്നു പറയുന്നതിലൂടെ കോൺഗ്രസ് കൃത്യമായി തന്നെ തങ്ങളുടെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു.
ആർഎസ്എസിനെ പോലെ വർഗീയവും വിദ്വേഷപരവുമായ ഒരു സംഘടന നേരിട്ട് നയിക്കുന്ന സർക്കാർ നമ്മുടെ രാജ്യത്തിന് ദൗർഭാഗ്യമാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിക്ക് വേണ്ടി വാദിച്ചവർ ഇപ്പോൾ നമ്മുടെ രാജ്യത്ത് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രി മാറുകയാണ്. അവരിൽനിന്ന് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക നീതി എങ്ങനെ പ്രതീക്ഷിക്കാനാവും എന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗേ ചോദിക്കുന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഭാഗമായി ആർഎസ്എസിന്റെ എത്ര ആളുകൾ ജയിൽ അടയ്ക്കപ്പെട്ടു എന്നും എത്ര പേരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി എന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ രാജ്യം മുഴുവൻ ബ്രിട്ടീഷുകാർക്കെതിരെ അണിനിരന്നപ്പോൾ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സാമ്രാജ്യ യജമാന്മാരുമായി കൈകോർക്കാൻ ആർഎസ്എസ് തീരുമാനിച്ചു എന്നും ഗാർഗേ പറയുന്നുണ്ട്. ഇത്തരത്തിൽ കോൺഗ്രസിന്റെ അധ്യക്ഷൻ ഉൾപ്പെടെയുള്ള ഓരോ നേതാക്കളും ആർഎസ്എസിന്റെ യഥാർത്ഥ മുഖം എന്താണെന്ന് തുറന്നുകാട്ടാനാണ് കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചത്.
മനുസ്മൃതിക്ക് വേണ്ടി വാദിക്കുന്നവരെ നേരിടേണ്ടത് ഭരണഘടന കൊണ്ടാണ് എന്ന് അടയാളപ്പെടുത്തുന്നത് ആയിരുന്നു ഭരണഘടന ഉയർത്തിയുള്ള കോൺഗ്രസിന്റെ മാർച്ച്. ആർഎസ്എസും ബിജെപിയും എന്തൊക്കെ കാട്ടിക്കൂട്ടിയാലും ഈ രാജ്യം ഗാന്ധിയുടെ ആണെന്ന് പറയുന്ന കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയം കൃത്യമായി തന്നെ സംസാരിക്കുന്നു. കേന്ദ്രസർക്കാരും ബിജെപിയും ആർഎസ്എസിനെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് ആർഎസ്എസിന്റെ മുഖം എന്താണെന്ന് മറക്കരുത് എന്ന് പൊതുജനത്തെ ഓർമിപ്പിക്കുകയായിരുന്നു. സർദാർ പട്ടേലിന്റെ കത്ത് ഉൾപ്പെടെ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് കൃത്യമായി തന്നെ ആർഎസ്എസിനെതിരെ സംസാരിച്ചു. പാലിൽ നിന്നും ഈച്ചയെ എടുത്തു കളയുന്നത് പോലെ ആർഎസ്എസ് ബിജെപി ആശയത്തെ ഈ രാജ്യത്ത് നിന്നും എടുത്തു ദൂരേക്ക് എറിയും എന്ന ഒറ്റ വരിയിലൂടെ തന്നെ കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയത്തെ ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിലും അടയാളപ്പെടുത്തി.