തിരുവനന്തപുരം∙ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെസ്വതന്ത്രനായി ജനവിധി തേടാനൊരുങ്ങിയിരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്.അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽനിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരൻ കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്.
കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിയെടുത്തത്. അതിന്റെ അവസാനത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാർട്ടിക്കാരൻ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നോക്കിയാൽ ജി.സുധാകരൻ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചത്; പിണറായി വിജയൻ വിമർശിച്ചു. വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കളഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നാൽ എത്ര വലിയ പാതകമാണത്.
പാർട്ടി വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. സഖാക്കളിൽ പാർട്ടിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഉറച്ച പാർട്ടിക്കാരനായിരുന്നു ജി.സുധാകരൻ. മറ്റൊരു തരത്തിൽ കാര്യങ്ങൾ വളരുമെന്ന് പാർട്ടി പ്രതീക്ഷിച്ചില്ല. സാധാരണ രീതിയിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ? പക്ഷേ മുൻപേ ഇതിനുവേണ്ടി കളമൊരുക്കുകയായിരുന്നു. അതാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതല്ലല്ലോ? സുധാകരനെ അനുനയിപ്പിക്കാൻ താൻ വിളിച്ചിരുന്നതായും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.














































