തൃശൂർ: ശബരിമലയിൽ ഇപ്പോഴും വിക്രിയകൾ നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെമ്പിന്റെ അളവ് വലുതാക്കാൻ ചിലർ ശ്രമം നടത്തി. ‘ചില തറകൾ ഞാൻ സ്വർണകിരീടം സമർപ്പിച്ച വിഷയത്തിൽ ഇടപെട്ടു, സുധാകരനോ, വിഡി സതീശനോ താൻ സ്വർണകിരീടം സമർപ്പിച്ച കേസിൽ ഇടപെട്ടി”ല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
“ഞാൻ കൈ കഴുകുന്ന കാര്യവും ചിലർ വിമർശിക്കുന്നു. കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്. വെള്ളം ഒഴിച്ചാണ് ഞാൻ കൈ കഴുകുന്നത്. ഞാൻ മൂക്കിൽ കൈ വെച്ച ശേഷം കേക്ക് മുറിച്ചാൽ അതിലും വിമർശനം വരും”- സുരേഷ് ഗോപി പറഞ്ഞു.
‘മോദിക്കോ അമിത് ഷായ്‌ക്കോ ശബരിമല വിഷയം നേരിട്ട് ഏറ്റെടുക്കാൻ കഴിയില്ല. തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ കൊടുക്കേണ്ട ഫണ്ട് കൊടുത്തില്ല. ഇനി കേന്ദ്രം ഫണ്ട് തന്നില്ല എന്ന തട്ടിപ്പ് നടക്കില്ല. യൂണിഫോം സിവിൽ കോഡ് വരുന്നതിനു വേണ്ടി ശ്രമിക്കുന്നു. അത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. യൂണിഫോം സിവിൽ കോഡ് വന്നാൽ ശബരിമലയിൽ വലിയ സാധ്യത ഉണ്ട്. യൂണിഫോം കോഡ് വന്നിരിക്കും.’ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല സ്വർണക്കൊളളയിൽ ദ്വാരപാലക പാളികൾ കടത്തിയ കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ അന്വേഷണ സംഘം ചോദ്യംചെയ്യും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ജയശ്രീയ്ക്ക് ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. മാത്രമല്ല ജയശ്രീയുടെ ആരോഗ്യസ്ഥിതി ചോദ്യം ചെയ്യലിന് തടസമാകില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. കേസിൽ ജയശ്രീ നിർണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ ചുമതല കൂടി വഹിച്ചിരുന്നയാളാണ് ജയശ്രീ. അതുകൊണ്ടുതന്നെ ക്ഷേത്രവക സ്വത്തുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് നിഗമനം. മാത്രമല്ല 35 വർഷത്തെ സർവീസ് ഉളളയാളാണ് ജയശ്രീ. ഗൂഢാലോചനയിൽ പങ്കുളളത് കൊണ്ടാണ് സ്വർണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ട് പോലും അത് തിരുത്താൻ ജയശ്രീ തയ്യാറായില്ലെന്നും അന്വേഷണസംഘം പറയുന്നു.
















































