ബെംഗളൂരു: മസാജിങ്ങിനിടെ തെറാപ്പിസ്റ്റിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പോലീസിൽ പരാതി നൽകുകയായിരുന്നു.
മസാജ് ചെയ്യുന്നതിനിടെയാണ് തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താൻ അർധനഗ്നയായി കിടക്കുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഉടൻ തന്നെ ഇത് മാനേജ്മെൻറിനെ അറിയിച്ചു. എന്നാൽ അവർ തന്റെ പരാതി ഗൗനിച്ചില്ല. പകരം താൻ അടച്ച 10,000 രൂപയിൽ 7,000 രൂപ തിരികെ നൽകുകയും നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു.















































