ന്യൂഡൽഹി: വായ്‌പാ തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം ബെൽജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്ത് താമസിച്ചു വരികയായിരുന്നു.
സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികളുടെ അഭ്യർഥന മാനിച്ചാണ് അറസ്റ്റ് നടന്നത്. മുംബൈ കോടതി മെഹുൽ ചോക്സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. 2018-ലും 2021-ലുമായി മുംബൈ കോടതി രണ്ട് അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പിൽ ഇയാളുടെ അനന്തരവൻ നീരവ് മോദിയും ഉൾപ്പെട്ടിരുന്നു.
സർക്കാർ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ബെൽജിയം ഫെഡറൽ പബ്ലിക് സർവീസ് (എഫ്‌പിഎസ്) വിദേശകാര്യ വക്താവും സോഷ്യൽ മീഡിയ, പ്രസ്സ് മേധാവിയുമായ ഡേവിഡ് ജോർഡൻസ് പറഞ്ഞു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ ബെൽജിയത്തിൽ താമസം ലഭിക്കുന്നതിന് ചോക്‌സി തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ രേഖകൾ നൽകിയതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പിഎൻബി തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ അധികൃതർ ചോക്‌സിയും അനന്തരവൻ നിരവ് മോദിയും അന്വേഷണം നടത്തിവരികയായിരുന്നു. 2022-ൽ, 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോക്‌സിക്കും ഭാര്യ പ്രീതി ചോക്‌സിക്കും മറ്റുള്ളവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. നീരവ് മോദി നിലവിൽ ലണ്ടനിലെ ജയിലിലാണ്. ഇയാളെ ഇന്ത്യക്ക് കൈമാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.