ലക്നൗ: ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് വെടിവയ്പ്പ്. ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ലോറന്‍സ് ബിഷ്‌നോയിയുമായി ബന്ധമുള്ള ഗോള്‍ഡി ബ്രാറിന്റെ ഗുണ്ടാ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു വീടിനെതിരെ ആക്രമണമുണ്ടാകുന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ വീടിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് താരത്തിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിഷയുടെ അച്ഛനും അമ്മയും സഹോദരനും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
ദിഷയുടെ സഹോദരിയും ഇന്ത്യന്‍ ആര്‍മിയില്‍ മേജറുമായിരുന്ന ഖുഷ്ബു പഠാനി ഈയ്യടുത്ത് നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. ആര്‍മിയില്‍ നിന്നും വിരമിച്ച ശേഷം ഖുഷ്ബു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും വെല്‍നസ് കോച്ചായും ശ്രദ്ധ നേടി വരികയാണ്. ഇതിനിടെയാണ് താരം ഈയ്യടുത്ത് ഹിന്ദു ആത്മീയ നേതാവ് അനിരുദ്ധാചാര്യ മഹാരാജിനെതിരെ നടത്തിയ പ്രസ്താവന വിവാദമാകുന്നത്.അനിരുദ്ധാചാര്യ മഹാരാജ് സ്ത്രീകള്‍ക്കെതിരെ നടത്തിയ പ്രസ്താവനകളെ വിമര്‍ശിക്കുകയായിരുന്നു ഖുഷ്ബു. എന്റെ മുമ്പില്‍ വച്ചാണ് ഇക്കാര്യം പറഞ്ഞിരുന്നുവെങ്കില്‍ പാഠം പഠിപ്പിച്ചേനെ എന്നാണ് ഖുഷ്ബു പറഞ്ഞത്. എന്നാല്‍ ഖുഷ്ബുവിന്റെ വിമര്‍ശനം മറ്റൊരു ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിനെതിരെയുള്ളതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക ആക്രമണം തന്നെ നടക്കുകയായിരുന്നു.
ഗോള്‍ഡി ബ്രാറിന്റെ സംഘത്തിലെ അംഗമായ വീരേന്ദ്ര ചരണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വീരേന്ദ്ര ചരണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നടി ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയത് ഞങ്ങളാണ്. അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധന്മാരെ അവഹേളിച്ചു. സനാതന ധര്‍മ്മത്തെ അപമാനിച്ചു എന്നാണ് വീരേന്ദ്ര ചരണ്‍ പോസ്റ്റില്‍ പറഞ്ഞത്. ഞങ്ങളുടെ ഗുരുക്കന്മാരെ അവഹേളിച്ചാല്‍ വെറുതെ വിടില്ല. ഇതൊരു ട്രെയ്‌ലര്‍ മാത്രമായിരുന്നു. അവളോ, മറ്റാരെങ്കിലുമോ ഞങ്ങളുടെ ഇനി അപമാനിച്ചാല്‍, അവരുടെ വീട്ടില്‍ ഒരാള്‍ പോലും പിന്നെ ജീവിച്ചിരിക്കില്ല എന്നും കുറിപ്പില്‍ പറയുന്നുണ്ട്.