പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരേ ബലാത്സംഗ പരാതിനൽകിയ യുവതിയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി. യുവമോർച്ച നേതൃസ്ഥാനത്തുനിന്നാണ് ഇയാളെ നീക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാർഡിൽ ബിജെപി മൂന്ന് വോട്ടിന് തോറ്റിരുന്നു. പരാതിക്കാരിയുടെ ഭർത്താവാണ് തോൽവിക്ക് കാരണം എന്ന ആക്ഷേപം പ്രദേശത്തെ ബിജെപി പ്രവർത്തകരും പ്രാദേശിക നേതൃത്വവും ഉയർത്തിയിരുന്നു. തുടർന്ന് പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റിയും ഇയാൾക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് യുവമോർച്ച നേതൃസ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കിയത്.
അതേസമയം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമുള്ള കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതിയുടെ ഭർത്താവ് അടുത്തിടെ രംഗത്തെത്തിയിരുന്നു. താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്നും കുടുംബപ്രശ്നത്തിൽ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


















































