പാലക്കാട്: ചിറ്റൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിച്ച് പോസ്റ്റ്. ബി.ജെ.പി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന കുറിപ്പ് വന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ മണ്ഡലത്തിൽ ‘ഡീൽ’ ആരോപണം ശക്തമായി.
യുഡിഎഫിനെ കടന്നാക്രമിച്ചുകൊണ്ടുള്ള പോസ്റ്റിൽ, വികസനത്തിന്റെ തുടർച്ചയ്ക്കായി എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണിതെന്ന് യു.ഡി.എഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ ആരോപിച്ചു. മണ്ഡലത്തിൽ നടക്കുന്നത് എൽ.ഡി.എഫ്-ബി.ജെ.പി കച്ചവടമാണെന്ന് തങ്ങൾ നേരത്തെ പറഞ്ഞത് ഇതോടെ അക്ഷരംപ്രതി ശരിയായിരിക്കുകയാണെന്നും യു.ഡി.എഫ് ക്യാമ്പ് പ്രതികരിച്ചു.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്ന് ബി.ജെ.പി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വ്യക്തമാക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയമുണ്ടെന്നും ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ പോസ്റ്റുകൾക്ക് ഉത്തരവാദികളല്ലെന്നും തങ്ങൾ ജനപിന്തുണയിലാണ് വിശ്വസിക്കുന്നതെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു.
















































