തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് മുന്നണി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ കേന്ദ്രവുമായുള്ള കൈകോർക്കൽ നടപടിയെന്നും ബിനോയ് വിശ്വം കത്തിലൂടെ വ്യക്തമാക്കുന്നു.
അതേസമയം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കത്തിൽ പരാമർശം ഉണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു. ധാരണാപത്രത്തിൽ ഒപ്പിട്ടതിലൂടെ കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
‘കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം മറ്റൊരുദിശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സർക്കാർ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതായാണ് അറിയാൻ സാധിച്ചത്. ഇക്കാര്യം യാഥാർത്ഥ്യമെങ്കിൽ സിപിഐയും സിപിഐമ്മും തുല്ല്യമായി ഏർപ്പെട്ടിരിക്കുന്ന മുന്നണി തത്വങ്ങളുടെയും മര്യാദയുടെയും വ്യക്തമായ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. മതതേര വിദ്യാഭ്യാസത്തെയും ഫെഡൽ ഘടനയെയും സംബന്ധിച്ച ഗൗരവകരമായ കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് പദ്ധതി. ഗൂഢാലോചനയെന്ന നിലയ്ക്കാണ് ഇത് നടന്നിരിക്കുന്നത്. കേരളത്തിലെ എൽഡിഎഫിനുള്ളിലും മുന്നണി നയിക്കുന്ന സർക്കാരിലും ഇക്കാര്യം ചർച്ചയായിരുന്നു’.
അതുപോലെ പിഎം ശ്രീ പ്രൊജക്ടിൽ സിപിഐയും സിപിഐഎമ്മും നിരവധി വിശാല പുരോഗമന മതേതര ശക്തികളും പ്രഖ്യാപിത നിലപാട് എടുത്തിരുന്നു. എൻഇപി 2020ലൂടെ വിദ്യാഭ്യാസ സംവിധാനത്തിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയെന്നാണ് കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ നിലപാട്. ഇക്കാര്യങ്ങളെല്ലാം പാർട്ടികൾക്കിടയിലും എൽഡിഎഫ് സർക്കാരിലും ചർച്ച ചെയ്‌തെന്നിരിക്കെ ഗൗരവമായ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയെടുത്ത ഏകപക്ഷീയമായ നിലപാട് ന്യായീകരണം ഇല്ലാത്തതാണ്. ഇടതുപക്ഷം ഭരിക്കുന്ന സർക്കാരിൽ നിന്നുള്ള നീക്കം അപ്രതീക്ഷമാണ്. മതേതര വിദ്യാഭ്യാസത്തിനും ഫെഡറൽ ഘടനയ്ക്കും വേണ്ടിയുള്ള ഇടതുമുന്നണിയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് തീരുമാനം.
അതുകൊണ്ടുതന്നെ സിപിഐഎം ദേശീയ നേതൃത്വമായി വിഷയം ചർച്ച ചെയ്യണം. രാജ്യത്തെ ഏക ഇടത് സർക്കാർ എന്ന നിലയിൽ കേരളത്തിന്റെ നിലപാട് അതീവ ഗൗരവമുള്ളതാണ്. വിഷയത്തിന്റെ ഗൗരവം സിപിഐഎമ്മിന് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം രാജയ്ക്ക് അയച്ച കത്തിൽ പറയുന്നു.
















































