സംഘപരിവാർ വൃത്തങ്ങൾ ബീഹാറിലെ ആഘോഷം തുടരുന്നത് കണ്ടപ്പോൾ നമ്മുടെ ബീഹാറിലെ സുശാസൻ ബാബുവിൻറെ ഇതുവരെയുള്ള ചരിത്രം ഒന്ന് ആലോചിച്ചു പോവുകയാണ്. ഇത്തവണ സാമാന്യം കനത്ത ഭൂരിപക്ഷത്തിൽ തന്നെ എൻഡിഎ മുന്നണി വിജയിച്ചിട്ടുണ്ട്. എന്നാൽ ബിഹാറിലെ കഴിഞ്ഞ മൂന്നു അസംബ്ലി തെരഞ്ഞെടുപ്പിലും ജയിച്ച ശേഷം നിതീഷ് മൂന്നു വർഷം തികയും മുമ്പേ മറുകണ്ടം ചാടിയിട്ടുണ്ട് എന്ന ചരിത്രം ആരും മറക്കരുത്.
എന്തായാലും ഇന്ത്യാ സഖ്യവും കോൺഗ്രസും ആർ ജെ ഡി യും എല്ലാം തോൽവി ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടർ ലിസ്റ്റ് അട്ടിമറിച്ചും വോട്ടർമാർക്ക് കൈക്കൂലി കൊടുത്തും നേടിയ അധാർമിക വിജയമെന്നാണ് ഇതുവരെയുള്ള അവരുടെ വിലയിരുത്തൽ. വിലയിരുത്തൽ എന്തായാലും ജയം ജയമാണ്. തോൽവി തോൽവിയും. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിനു മുന്നേ ഒരു പക്ഷേ തേജസ്വി വീണ്ടും ഉപമുഖ്യമന്ത്രി ആവാനുള്ള സാധ്യത ഇപ്പോഴും ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
ഈ വീഡിയോയിൽ പറയാൻ പോകുന്നത് തെരഞ്ഞെടുപ്പ് വിജയവും പരാജയവുമല്ല. ബിഹാറിൽ ജനവിധിയിൽ ജയിച്ച ശേഷം എല്ലായ്പോഴും സംഭവിക്കാറുള്ള ചാഞ്ചാട്ടത്തെക്കുറിച്ചാണ്. അതിലെ പരാജിതർ മാറി മറിയാറുണ്ടെങ്കിലും വിജയി എല്ലായ്പോഴും ഒരാളാണ്. സുശാസൻ ബാബു നിതീഷ് കുമാർ.
തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് സംഭവിച്ചതെങ്കിലും ആർജെഡി അത്ര വിഷമിക്കേണ്ട കാര്യമില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. ഇതിലും വലിയ തോൽവി ആണ് അവർക്ക് 2010 ൽ സംഭവിച്ചത്. 2015 ൽ അവർ തിരിച്ചു വരികയും ചെയ്തിരുന്നു. എന്നാൽ ഇന്ന് പറയാൻ പോകുന്ന കാര്യം അതല്ല. കഴിഞ്ഞ മൂന്ന് തവണത്തെ നിയമ സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ നാടകങ്ങളെ കുറിച്ചാണ്.
2010 ൽ ബിജെപിയുമായി സഖ്യം ചേർന്ന വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന നിതീഷ് പക്ഷേ 2013 ൽ നരേന്ദ്ര മോദി ബിജെപി നേതാവായി വന്നതോടെ മതേതരത്വത്തിൽ നിന്നും ബിജെപി അകലുന്നു എന്ന് ആരോപിച്ച് എൻഡിഎയിൽ നിന്നും പിന്മാറുകയായിരുന്നു. പക്ഷേ ആകെ 115 സീറ്റുണ്ടായിരുന്നതിനാലും ആർജെഡി എതിർക്കാതിരുന്നതിനാലും ബിജെപിയെ മന്ത്രി സഭയിൽ നിന്ന് മാറ്റി ഒറ്റയ്ക്ക് മന്ത്രി സഭ അടുത്ത തെരഞ്ഞെടുപ്പ് വരെ കൊണ്ടുപോവാൻ നിതീഷിനായി. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ഉൾപ്പെടയുള്ള എല്ലാ ബിജെപി മന്ത്രിമാരും 2013 ജൂണിൽ രാജി വച്ച് പ്രതിപക്ഷത്തേക്ക് പോയി.
അതിനിടെ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഉണ്ടായപ്പോൾ ഇടക്കാലത്ത് ജതിൻ റാം മാഞ്ചിയെ കസേരയിലിരുത്തിയെങ്കിലും കടിഞ്ഞാൺ കൈയിൽ തന്നെ ആയിരുന്നു. പിന്നാലെ 2015 ലെ നിയമസഭ തെരഞ്ഞടുപ്പിൽ ആർജെഡിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കി വൻ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിൽ വന്നു.
ആ തെരഞ്ഞെടുപ്പിൽ ഇത്തവണ എൻഡിഎയിലെ പോലെ മഹാഗഡ്ബന്ധനിൽ ആർജെഡിയും ജെഡിയുവും 101 വീതം സീറ്റിലാണ് മത്സരിച്ചത്. 178 സീറ്റാണ് മുന്നണിക്ക് ലഭിച്ചത്. ബിജെപി 53 ലേക്ക് ഒതുങ്ങിപ്പോയി. കൂടുതൽ സീറ്റുകൾ ആർജെഡിക്കാണ് ലഭിച്ചതെങ്കിലും നിതീഷിനെ തന്നെ സഖ്യം മുഖ്യമന്ത്രിയാക്കി. ആർജെഡിയുടെ തേജസ്വി ഉപ മുഖ്യമന്ത്രിയായി.
എന്നാൽ കൃത്യം 2 കൊല്ലം തികയും മുമ്പേ നിതീഷ് വീണ്ടും മറുകണ്ടം ചാടി. എന്നാൽ തേജസ്വിക്കെതിരായി അഴിമതി ആരോപണം വന്നെന്നു പറഞ്ഞ് മോദിയുടെ മതേതരത്വം ആണ് മെച്ചം എന്ന് പറഞ്ഞ് ആശാൻ ബിജെപിയുടെ കൂടെ കൂടി വീണ്ടും മുഖ്യമന്ത്രിയായി. ബിജെപിയും മന്ത്രി സഭയിൽ പങ്കാളിയായി. പിന്നെ അടുത്ത തെരഞ്ഞെടപ്പ് 2020 ലായിരുന്നു.
ഇത്തവണ ബിജെപി യുടെ കൂടെയാണ് മത്സരത്തിനിറങ്ങിയത്. സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും ബിജെപിയെക്കാൾ വളരെ കുറച്ച് സീറ്റാണ് ജെഡിയു വിന് ലഭിച്ചത്. ബിജെപി 74 നേടിയപ്പോൾ ജെഡിയു 43 ലേക്ക് ഒതുങ്ങിപ്പോയിരുന്നു. എന്നാൽ ബിജെപി ഇത്തവണയും മുഖ്യമന്ത്രിസ്ഥാനം നിതീഷിനു തന്നെ നൽകി. ബാബു വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ ഇത്തവണയും രണ്ടു വർഷം തികയും മുമ്പേ പുള്ളി തനിസ്വഭാവം കാണിച്ചു.
2022 ആഗസ്റ്റിൽ എൻഡിഎ വിട്ടു. ബിജെപി മന്ത്രിമാർ ഉൾപ്പെട്ട മന്ത്രി സഭ രാജി വച്ചു. അന്നു തന്നെ മഹാഗഡ്ബന്ധനിൽ ചേരുകയും അവരുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റ ആർജെഡി മന്ത്രിസഭയിലെത്തി, തേജസ്വി വീണ്ടും ഉപമുഖ്യമന്ത്രിയായി. ഇത്തവണത്തെ ചാട്ടത്തിന് നിതീഷ് പറഞ്ഞ കാരണം ബിജെപി ജെഡിയുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു.എന്നാൽ നിതീഷിന്റെ ചാട്ടം അവിടം കൊണ്ടും തീർന്നില്ല, ഒന്നരകൊല്ലം കഴിഞ്ഞപ്പോൾ വീണ്ടും നിതീഷ് എൻഡിഎയിലേക്ക് തന്നെ തിരികെ പോയി. തേജസ്വിയും മറ്റ് ആർജെഡി മന്ത്രിമാരും രാജി വച്ചു,
പകരം ബിജെപി മന്ത്രി സഭയിൽ വന്നു. തമാശ എന്താണെന്ന് വച്ചാൽ ആർജെഡിക്ക് 75 ഉം ബിജെപി ക്ക് 74 ഉം സീറ്റുകളുള്ളപ്പോഴാണ് 43 സീറ്റ് മാത്രമുള്ള നിതീഷ് ഇരുപാർട്ടികളേയും കുരങ്ങു കളിപ്പിച്ച് 5 കൊല്ലം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്. 2024 ന് മുമ്പുുള്ള ചാട്ടങ്ങൾക്കെല്ലാം എന്തെങ്കിലും കാരണങ്ങൾ പുള്ളി പറയാറുണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ചാട്ടത്തിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ 15 കൊല്ലത്തെ കഥയാണ് ഇതുവരെ പറഞ്ഞത്. അത് ചുരുക്കി ഈ ചിത്രത്തിൽ കാണാം.

അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് വിജയമൊന്നും നോക്കേണ്ടതില്ല എന്ന് പറഞ്ഞത്. ബിഹാറിൽ ഏത് തെരഞ്ഞെടുപ്പിലും ഒരു വിജയി മാത്രമേ ഉള്ളൂ. അത് നിതീഷാണ്. രാഷ്ടീയം അസാധ്യമായവയെ സാധ്യമാക്കുന്ന കലയാണെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. അത് നിതീഷിൻറെ കാര്യത്തിൽ 200 ശതമാനവും കറക്ടാണ്.
കേരളത്തിൽ ഒരുപക്ഷേ കെ എം മാണിക്ക് ഇത്തരമൊരു സാധ്യത പലരും കൽപിച്ചിരുന്നു. എന്നാൽ ഇവിടുത്തെ മുന്നണി സമവാക്യങ്ങളിൽ പക്ഷേ അദ്ദേഹത്തിൻറെ പാർട്ടി വളരെ ദുർബലമാവുകയാണുണ്ടായത്.
എന്തായാലും ഈ നില വച്ച് ഇത്തവണ എന്തു സംഭവിക്കാനാണ് സാധ്യത എന്നാണ് നിങ്ങൾ കരുതുന്നത്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ.
കഴിഞ്ഞ പത്ത് വർഷവും ബിഹാറിലെ എല്ലാ പാർട്ടികൾക്കും ഭരണ പ്രതിപക്ഷ ഭേദമന്യേ മന്ത്രി സഭയിൽ ചേരാൻ നിതീഷിന്റെ ചാട്ടങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒരു മാറ്റം ഉണ്ടാവുമോ. നിങ്ങളുടെ അഭിപ്രായം കമൻറിൽ പറയൂ.



















































