ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. തിങ്കളാഴ്ച 40 വയസുള്ള വിധവയായ ഒരു ഹിന്ദു സ്ത്രീയെ സഹോദരങ്ങളായ രണ്ട് പുരുഷന്മാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിലെ കാളിഗഞ്ചിലാണ് വിധവയായ സ്ത്രീയെ രണ്ടുപേർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതത്. ഷാഹിൻ, ഇയാളുടെ സഹോദരൻ ഹസൻ എന്നിവരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
രണ്ടര വർഷം മുമ്പ് കാളിഗഞ്ച് മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിൽ ഇവർ രണ്ട് ദശലക്ഷം ടാക്കയ്ക്ക് മൂന്ന് സെന്റ് സ്ഥലവും രണ്ടുനില വീടും വാങ്ങിയിരുന്നു. ഷാഹിനിൽ നിന്നും അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നുമായിരുന്നു സ്ഥലം വാങ്ങിയത്. എന്നാൽ, അതിനു ശേഷം ഷാഹിൻ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്ന് സ്ത്രീ പരാതിയിൽ പറയുന്നു.
ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം, സ്ത്രീയുടെ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബന്ധുക്കൾ അവരെ സന്ദർശിക്കാൻ കാളിഗഞ്ചിലെ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് ഷാഹിനും ഹസനും ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ പക്കൽനിന്ന് 50,000 ടാക്ക (ഏകദേശം 37,000 രൂപ) ആവശ്യപ്പെടുകയും ചെയ്തു.പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും സ്ത്രീയുടെ ബന്ധുക്കളെ ആക്രമിച്ച് ഓടിച്ചുവിട്ടു. ഇതിനിടെ സ്ത്രീ നിലവിളിക്കാൻ തുടങ്ങിയതോടെ അവർ അവരെ ഒരു മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചുമാറ്റി. ഇതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട സ്ത്രീയെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തി ജെനൈദ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവിച്ചത് എന്താണെന്ന് സ്ത്രീ ആദ്യം ഡോക്ടർമാരോട് പറഞ്ഞില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.ഡി. മുസ്തഫിസുർ റഹ്‌മാൻ പറഞ്ഞു. പിന്നീട് വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡനത്തിന് ഇരയായതാണെന്ന് മനസിലായത്.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് എത്തിയ കാളിഗഞ്ച് പോലീസ് സ്ത്രീയുടെ മൊഴിയെടുത്തു. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു. സംഭവം അന്വേഷിക്കുകയാണെന്നും പോലീസ് സാധ്യമായ ഏറ്റവും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജെനൈദ അഡീഷണൽ പോലീസ് സൂപ്രണ്ട് ബില്ലാൽ ഹൊസൈൻ പറഞ്ഞു.
അതിനിടെ, ബംഗ്ലാദേശിലെ ജഷോർ ജില്ലയിൽ ഒരു പത്രത്തിന്റെ ആക്ടിങ് എഡിറ്റർ കൂടിയായ 45 വയസുള്ള ഒരു ഫാക്ടറി ഉടമയെ ഒരുകൂട്ടം ആളുകൾ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. റാണ പ്രതാപ് ബൈരാഗിയാണ് കൊല്ലപ്പെട്ടത്. ആഴ്ചകൾക്കുള്ളിൽ ബംഗ്ലാദേശിൽ നടക്കുന്ന അഞ്ചാമത്തെ ഹിന്ദു കൊലപാതകമാണിതെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച വൈകുന്നേരമാണ് അജ്ഞാതരായ അക്രമികൾ റാണ പ്രതാപിനെ വെടിവെച്ചത്. മണിരാംപുർ ഉപാസിലയിലെ തിരക്കേറിയ കോപാലിയ ബസാറിൽ വൈകുന്നേരം 5:45-ഓടെയായിരുന്നു സംഭവം. ഒരു മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ പ്രതാപുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് തലയിൽ നിരവധി തവണ വെടിയുതിർക്കുകയുമായിരുന്നുവെന്ന് പ്രദേശവാസിയായ റിപ്പൺ ഹൊസൈൻ പറഞ്ഞു.
















































