തൃശൂർ: പൊതുസമൂഹത്തിനു മുന്നിൽ സമൂഹമാധ്യമത്തിലൂടെ കടുത്ത വർഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണൻ. അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ലെന്നും ബി.ഗോപാലകൃഷ്‌ണൻ ആരോപിച്ചു. പ്രചാരണത്തിൻറെ ഭാഗമായി ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് ഈ വർഗീയ പരാമർശങ്ങളുള്ളത്.
‘ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പൻറെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല, ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു MLA ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല.
അതുപോലെ തൊട്ടു ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിൽ ആവട്ടെ, സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനും ഹിന്ദു വിഭാഗത്തിൽ നിന്ന് സ്ഥാനാർഥി ഇല്ല. എന്താല്ലേ… മതേതര കേരളം. ഗുരുവായൂരിൻറെ പവിത്രമായ ഭൂമിയിൽ നിന്ന് അമ്പലം കൊള്ളക്കാരെയും വർഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി.. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്’- ഗോപാലകൃഷ്‌ണൻ പറയുന്നു.













































