മലപ്പുറം: തിരൂർ പറവണ്ണയിൽ വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. സ്‌കൂൾ യൂണിഫോമിലുള്ള വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് കൃത്യത്തിന് മുതിർന്നത്. ഇവരെത്തിയ കാർ തടയുന്നതിനിടെയാണ് സംഭവം. കാർ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവർ സീറ്റിൻറെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടൻ കാർ അതിവേഗം മുന്നോട്ട് എടുത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാൾ എടുത്ത സംഭവ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർഥികൾ സഞ്ചരിച്ച മോഡിഫൈ ചെയ്ത വാഹനത്തിൻറെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതാണ്. വാഹനത്തിനു നേരെ തിരൂർ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥർ ആദ്യം കൈ കാണിച്ചെങ്കിലും നിർത്തിയില്ല. പിന്നീട് തിരൂർ പാറവണ്ണ ഭാഗത്ത് വെച്ച് കാർ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചത്. അതിവേഗതയിൽ പോയ്ക്കളഞ്ഞ വാഹനം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
















































