തിരുവനന്തപുരം:പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ബൂത്തിലേക്ക്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചു. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

















































