ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും റൗസ് അവന്യൂ കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.
കോടതി വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ, ഈ കേസ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ചു.
“നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ അധികാരമോഹത്തിനായി ഡൽഹിയെ നശിപ്പിച്ചു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾ 10 സീറ്റിലധികം നേടിയാൽ ഞാൻ രാഷ്ട്രീയം നിർത്തും. ഡൽഹിയിലെ മൂന്ന് കോടി ജനങ്ങൾ നിങ്ങളെ വെറുത്തിരിക്കുകയാണ്.” – അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.
സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് കെജ്‌രിവാൾ, സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയാണ് വിചാരണ കോടതി വിട്ടയച്ചത്. അന്വേഷണത്തിലെ വീഴ്ചകൾക്ക് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ് സിബിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. കെജ്‌രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും സിസോദിയക്കും മറ്റ് പ്രതികൾക്കുമെതിരെ പ്രാഥമിക കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കേസിൽ തിരിച്ചടി നേരിട്ട സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അഴിമതി ആരോപണങ്ങളിൽ നിന്ന് വിട്ടയച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പല വശങ്ങളും കോടതി അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തതിനാലാണ് അപ്പീൽ നൽകുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 598 പേജുള്ള വിധിക്ക് എതിരായ അപ്പീൽ സമർപ്പിച്ചതായി അറിയിച്ച ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.














































