അയ്യപ്പ ബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?; അവരുടെ അജണ്ട വേറെയാണ്; ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? നടി പ്രതികരിക്കുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ വന്‍ വിവാദങ്ങളാണ് സംസ്ഥാനത്ത് ഉയര്‍ന്നു വന്നത്. വന്‍ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നതിനിടെ പ്രമുഖര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി നടി ശ്രീയ രമേശ് രംഗത്തെത്തിയിരിക്കുന്നു. ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അവിശ്വാസികളല്ല, വിശ്വാസികളാണ് ക്ഷേത്ര വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളേണ്ടതും നടപ്പിലാക്കേണ്ടതുമെന്ന് ശ്രീയ പറയുന്നു. ശബരിമലയില്‍ പോയി അയ്യപ്പ ബ്രോയെ കാണണമെന്ന് പറയുന്നവര്‍ ഭക്തരല്ലെന്നും അത്തരക്കാരുടെ ലക്ഷ്യം ഭഗവാനെ തൊഴുത് സായൂജ്യമടയുകയോ അനുഗ്രഹം വാങ്ങുകയോ അല്ലെന്നും മറ്റു പല അജണ്ടകളുമാണെന്നും ശ്രീയ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ശ്രീയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെണ്ണയും അമ്പലപ്പുഴയില്‍ പാല്‍പ്പായസവും ശബരിമലയില്‍ അരവണപായസവും പറശ്ശിനിക്കടവിലും കാനാടിയിലുമെല്ലാം മദ്യവും മത്സ്യവും മാംസവും കൊടുങ്ങല്ലൂരില്‍ കോഴിക്കുരുതി. തൃശ്ശൂര്‍ വടക്കും നാഥക്ഷേത്രത്തില്‍ ചെന്നാല്‍ ആദ്യം നന്ദിയെ മണികൊട്ടി ഉണര്‍ത്തി അനുവാദം ചോദിച്ചു വേണം അകത്ത് പ്രവേശിക്കുവാന്‍. എത്ര ശിവക്ഷേത്രങ്ങളില്‍ ഉണ്ട് ആ ആചാരം? തൃപ്രയാര്‍ പുഴയോട് ചേര്‍ന്നു നില്‍ക്കുന്നതിനാലാകാം ശ്രീരാമസ്വാമിക്ഷേത്രത്തില്‍ മീനൂട്ട് എന്ന വഴിപാട് ഉള്ളത്. അതായത് വിവിധ ഹിന്ദു ക്ഷേത്രങ്ങളിലെ മൂര്‍ത്തികളുടെ പൂജയിലും നിവേദ്യത്തിലും അവിടത്തെ ഉല്‍സവക്രമങ്ങളിലുമെല്ലാം വൈവിധ്യങ്ങള്‍ ഉണ്ട്. ഒരു അവിശ്വാസിയെ സംബന്ധിച്ച് എന്തുകൊണ്ട് വെണ്ണ നിവേദ്യവും മത്സ്യവും ഒരുപോലെ നേദ്യമായി എടുത്തുകൂടാ എന്ന ചോദ്യം ഉന്നയിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ വിശ്വാസിക്ക് അത് ചിന്തിക്കുവാന്‍ പോലും സാധിക്കില്ല. ഏറ്റവും ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ വിശ്വാസികളാണ്, അവിശ്വാസികളല്ല ക്ഷേത്രവിഷയങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളെണ്ടതും നടപ്പിലാക്കേണ്ടതും എന്നാണ് എന്റെ അഭിപ്രായം. അവിശ്വാസികള്‍ക്ക് വിശ്വാസികള്‍ പാവനമായി കരുതുന്നവയെ മാനിക്കുവാനല്ല, മറിച്ചു വ്രണപ്പെടുത്തുവാനാകും ഉല്‍സാഹം കൂടുതല്‍.

ശബരിമലയില്‍ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ? ഭക്തിയും ആചാരാനുഷ്ഠാനങ്ങളും പാലിക്കുന്നവര്‍ തീര്‍ച്ചയായും അത്തരത്തില്‍ അല്ലല്ലൊ പ്രതികരിക്കുക. അത്തരക്കാരുടെ ലക്ഷ്യം ഭഗവാനെ കണ്ട് തൊഴുത് സായൂജ്യമടയുകയോ അനുഗ്രഹം വാങ്ങുകയോ അല്ല എന്നത് വ്യക്തമാണ്. ശ്രദ്ധ പിടിച്ചുപറ്റല്‍, വിവാദങ്ങള്‍ സൃഷ്ടിക്കല്‍, അവഹേളിക്കല്‍ അങ്ങിനെ പലര്‍ക്കും പല അജണ്ടകള്‍ ഉണ്ടാകാം. ദയവു ചെയ്ത് അത്തരക്കാര്‍ ഞങ്ങള്‍ ഈശ്വര വിശ്വാസികളുടെ വികാരത്തെ കൂടെ കണക്കിലെടുക്കണം. വിശ്വാസികള്‍ അവരുടെ വഴിക്കും അവിശ്വാസികള്‍ അവരുടെ വഴിക്കും പോകട്ടെ. എന്തിനാണ് വെറുതെ അസ്വസ്ഥത സൃഷ്ടിക്കുന്നത്?

മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മതവിശ്വാസികളല്ലാത്തവര്‍ കാണിക്കുന്ന അമിതാവേശം കാണുമ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് ശബരിമലയിലെ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് സ്ത്രീപ്രവേശനം അനുവദിക്കലാണോ കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന കാതലായ പ്രശ്‌നം? ഒരേ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? പൊതു ഇടങ്ങളിലും ബാത്ത് റൂമിന്റെ സ്വകാര്യതയിലും വരെ കടന്നുവരുന്ന ആണ്‍ നോട്ടങ്ങള്‍/അതിക്രമങ്ങള്‍ മുതല്‍ പൊതു ടോയ്‌ലറ്റുകള്‍ ഇല്ലാത്തതു വരെ ഉള്ള കാതലായ പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. ഒരു കാര്യം കൂടെ സ്ത്രീക്കും പുരുഷനും എല്‍.ജി.ബി.ടിക്കും ശുചിമുറികള്‍ നിലനിര്‍ത്തുന്നതിനു കൃത്യമായ കാരണം ഉണ്ടല്ലൊ. അതിനെ ഒരു വിവേചനമായി ഞാന്‍ കാണുന്നില്ല, ഒരു മത വിശ്വാസത്തിന്റെയും ഭാഗമായല്ല അത് ഈ സമൂഹത്തില്‍ തുടരുന്നത്.

രാഷ്ട്രീയം പോലെ അതാതു ദിവസത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ഒന്നല്ല മതവിശ്വാസം. മനസ്സിലാക്കേണ്ട ഒരു കാര്യം ക്ഷേത്രവുമായി/പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍, ആചാരങ്ങള്‍, തന്ത്രവിധികള്‍ അങ്ങിനെ അനവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആചാരങ്ങളും പൂജാവിധികളും മറ്റും രൂപപ്പെടുന്നത്. അതിനെ ശാസ്ത്രയുക്തിയുടേയോ നിയമത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയോ നോക്കിക്കണ്ടാല്‍ വിശ്വാസികള്‍ക്ക് മനപ്രയാസം ഉണ്ടാക്കുന്ന തീരുമാനങ്ങളിലാകും പലപ്പോഴും എത്തിച്ചേരുക. ശബരിമല, കണ്ണൂരിലെ തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രം അങ്ങിനെ ചില ക്ഷേത്രങ്ങളിലാണ് നിശ്ചിത പ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അതേ മൂര്‍ത്തികള്‍ ഉള്ള മറ്റു ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുമുണ്ട്. അതായത് മത വിശ്വാസത്തിന്റെ പല കാര്യങ്ങളും എപ്പോഴും യുക്തിഭദ്രമായ ഒന്നാകണം ഇല്ല. വിശ്വാസം നല്‍കുന്ന ഒരു ഊര്‍ജ്ജം ആത്മവിശ്വാസം എന്നിവ വളരെ വലുതാണ്, എന്തുകൊണ്ട് വലിയ ശാസ്ത്രഞ്ജന്മാരും ഡോക്ടര്‍മാരുമെല്ലാം ഈശ്വര വിശ്വാസികളായി നമുക്കിടയില്‍ ജീവിക്കുന്നില്ല? സ്ത്രീയും പുരുഷനും എല്‍.ജി.ബി.ടിയും ഉള്‍പ്പെടെ എല്ലാവര്‍ക്കും അവരവരുടെ വിശ്വാസവും ആത്മാഭിമാനവും അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ട് ജീവിക്കുവാന്‍ വേണ്ട സാഹചര്യമാണ് ഒരുക്കേണ്ടത്.

ശബരിമലയില്‍ പ്രവേശനം മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നത് സ്ത്രീകളല്ല മറിച്ച് പുരുഷന്മാരാണ്. അതു വിവേചനം അല്ലേ? ഒരു ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നു എന്നത് വിവേചനമായി കാണുന്നവര്‍ എന്തുകൊണ്ട് ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജനടത്തുവാന്‍ സ്ത്രീകളെ അനുവദിക്കാത്തത് ഒരു വിഷയമായി കരുതുന്നില്ല? തീര്‍ച്ചയായും ശാബരിമലയെ ടാര്‍ഗറ്റ് ചെയ്യുന്നതിനും ഹിന്ദു ക്ഷേത്രങ്ങള്‍ ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിന്നില്‍ എന്തോ ഒരു ഗൂഢമായ ഒരു അജണ്ട ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൂര്‍ണ്ണമായും ഒരു ഈശ്വര വിശ്വാസി എന്ന നിലയില്‍ എന്റെ വ്യക്തിപരമായ തീരുമാനം ഇപ്പോള്‍ ശബരിമലയില്‍ പോകേണ്ട എന്നുതന്നെയാണ്. അത് വിശ്വാസത്തിന്റെ ഭാഗമായാണ്. അല്ലാതെ അതിനെ ഒരു വിവേചനമായി ഞാന്‍ കാണുന്നില്ല. പാര്‍ലമെന്റ് പോലെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു സ്ഥാപനത്തിലല്ല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുനത്. വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന പവിത്രമായി കാണുന്ന ഒരിടത്തേക്കാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന രാഷ്ടീയമുതലെടുപ്പുകളും തര്‍ക്കങ്ങളും മറ്റും അതിരുവിടാതെ ഒരു സംയമനത്തിന്റെ പാതയിലൂടെ എത്രയും വേഗം തീരുമാനത്തിലെത്തുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സമാധാനത്തെ കുറിച്ചാണ്, ശാന്തിയെ പറ്റിയാണ് മതങ്ങള്‍ പറയുന്നത്, സംഘര്‍ഷങ്ങളിലൂടെ ഒരു നേട്ടവും സമൂഹത്തിനു ലഭിക്കുകയില്ല.

സ്വാമി ശരണം

Similar Articles

Comments

Advertismentspot_img

Most Popular