തിരുവനന്തപുരം: വിഷം തളർത്തിയ ശരീരവുമായി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഇറങ്ങിയയുടനെ ഷാരോണിന് മനസിലായി തന്റെ ഈ അവസ്ഥ എങ്ങനെയുണ്ടായതാണെന്ന്… ഗ്രീഷ്മയുടെ വീട്ടിൽ നിന്നു ശർദ്ദിച്ചുകൊണ്ടിരങ്ങിവന്ന ഷാരോൺ റെജിനോടു പറഞ്ഞിരുന്നു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന്… പിന്നീട് നീണ്ട 11 ദിവസം ശാരീരിക അവശതകളോടെ വീട്ടിലും ആശുപത്രികളിലും കഴിഞ്ഞപ്പോഴൊന്നും ഷാരോൺ തൻറെ പ്രണയിനിയായ ഗ്രീഷ്മയാണിത് ചെയ്തതെന്ന് ആരോടും പറഞ്ഞിരുന്നില്ല. മരണമൊഴിയെടുക്കാൻ വന്ന ഉദ്യോഗസ്ഥരോടു പോലും ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന്. ഗ്രീഷ്മയുടെ അടുത്തു പോയതും കഷായം ഗ്ലാസിലൊഴിച്ച് തന്നതും മാത്രം പറഞ്ഞു.
ഒരു പക്ഷെ ആ ചെറുപ്പക്കാരൻ വിചാരിച്ചിരിക്കാം ഇതും കഴിഞ്ഞു പോകും താൻ പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചുവരും എന്തിന് തൻരെ പ്രണയിനിയെ സമൂഹത്തിനു മുന്നിൽ കുറ്റക്കാരിയാക്കണമെന്ന്. ഒടുവിൽ അവസാന ദിവസം, മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ രാവിലെ ഐസിയുവിൽ വച്ചാണ് ഷാരോൺ അച്ഛനോട് കാര്യങ്ങൾ തുറന്നു പറയുന്നത്.
2022 ഒക്ടോബർ 14-ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയത്. ഇവിടെവച്ച് ഗ്രീഷ്മ ഷാരോണിന് കുടിക്കാനായി കഷായം നൽകി. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ച ഷാരോൺ ക്ഷീണിതനാവുകയും പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഷാരോൺ ചികിത്സ തേടുകായിരുന്നു.
23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…, അപൂർവങ്ങളിൽ അപൂർവമായ കേസ്, ചെകുത്താന്റെ മനസ്, സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം- പ്രോസിക്യൂഷൻ
മറ്റെന്തെങ്കിലും പാനീയം ഉള്ളിൽച്ചെന്നിട്ടുണ്ടോയെന്ന് നഴ്സ് തുടർച്ചയായി ചോദിച്ചതിനെ തുടർന്നാണ് കഷായം കുടിച്ച വിവരം ഷാരോൺ പറയുന്നത്. ഗ്രീഷ്മയുടെ വീട്ടിൽനിന്ന് തിരിച്ചുവന്നശേഷം ഷാരോണിന് ഭക്ഷണമൊന്നും കഴിക്കാൻ കഴിയാതായിരുന്നു. അന്നനാളം പൂർണമായും പൊള്ളിയ നിലയിലായിരുന്നു. വെള്ളം പോലും ഇറക്കാൻ കഴിയാതെയാണ് ഷാരോൺ ആ ദിവസങ്ങളിൽ ജീവിച്ചത്. ഒപ്പംപോയ സുഹൃത്തിന് ആരോഗ്യപ്രശ്‌നമൊന്നും അനുഭവപ്പെട്ടിരുന്നില്ല. 25-നാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്.
ഗ്രീഷ്മ നൽകിയ ജ്യൂസും കഷായവും ഷാരോണിന്റെ മരണത്തിന് കാരണമായേക്കാമെന്ന സംശയവുമായി വീട്ടുകാർ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നും അത് ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലേക്ക് പിന്നീട് പോലീസ് എത്തി. ഇതിനേ സാധുകരിക്കുന്നരീതിയിൽ ഷാരോണിന്റെ ആന്തരാവയവങ്ങളുടെ റിസൽട്ടും വന്നിരുന്നു. പിന്നീട് പോലീസ് തെളിവുകൾനിരത്തി ചോദ്യംചെയ്തപ്പോൾ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയ കാര്യം സമ്മതിക്കുകയും ചെയ്തു.